കാലാവസ്ഥ
കോട്ടയത്തും പത്തനംതിട്ടയിലും രാത്രി യാത്രക്കും, തൊഴിലുറപ്പ് ജോലികള്‍ക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുളള പ്രവേശനത്തിനും നിരോധനം
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളില്‍ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകള്‍ ലഭിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട വാഗമണ്‍ റോഡിലെ രാത്രികാലയാത്രയും ജൂണ്‍ 30 വരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ വി വിഗ്‌നേശ്വരി ഉത്തരവായി.
ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ജൂണ്‍ 30 വരെ കോട്ടയം ജില്ലയിലെ എല്ലാ വിധ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ച് കലക്ടര്‍ വി വിഗ്‌നേശ്വരി ഉത്തരവ് പുറപ്പെടുവിച്ചു.
പത്തനംതിട്ട ജില്ലയില്‍ 2024 ജൂണ്‍ 26 മുതല്‍ ജൂണ്‍ 30 വരെ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി 7.00 മുതല്‍ രാവിലെ 6.00 വരെയും, തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ് ,ട്രക്കിംഗ് എന്നിവയും എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനവും, മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മ്മിക്കുക, നിര്‍മ്മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ചിരിക്കുന്നതായി ജില്ല കലക്ടര്‍ അറിയിച്ചു.