ദേശീയം
ടോക്യോയില്‍ ഇന്ത്യയുടെ ആറാം മെഡല്‍; ബജ്‌റംഗ് പുനിയക്ക് വെങ്കലം
ടോക്യോയില്‍ ഇന്ത്യയുടെ ആറാം മെഡല്‍. ഗുസ്തിയിലെ 65 കിലോ ഫ്രീസ്‌റ്റൈലില്‍ ഇന്ത്യയുടെ ബജ്‌റംഗ് പൂനിയക്ക് വെങ്കലം. കസാക്കിസ്ഥാന്‍ താരം ഡൗലറ്റ് നിയാസ്‌ബെക്കോവിനെ 8-0 എന്ന സ്‌കോറിനാണ് പുനിയ തോല്‍പ്പിച്ചത്. ഇതോടെ ടോക്യോയിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം ആറിലേക്ക് എത്തി.
രണ്ട് വെള്ളിയും നാല് വെങ്കലവുമാണ് ഇതുവരെയുള്ള ഇന്ത്യയുടെ ടോക്യോയിലെ സമ്പാദ്യം. രവികുമാറിന് പുറമെ ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനു വെള്ളി നേടിയിരുന്നു. ബോക്‌സിംഗില്‍ ലവ്‌ലിന, ഇന്ത്യയുടെ പുരുഷ ഹോക്കി ടീം, ബാഡ്മിന്റണ്‍ താരം പി വി സിന്ധു എന്നിവരാണ് വെങ്കലം നേടിയത്.
പുനിയയുടെ വെങ്കലത്തോടെ ലണ്ടന്‍ ഒളിംപിക്‌സിന് സമാനമായി ഗുസ്തിയില്‍ ഇന്ത്യ രണ്ട് മെഡലുകള്‍ ടോക്യോയിലും നേടി. ഇതിലൂടെ ലണ്ടന്‍ ഒളിംപിക്‌സിലെ ആറ് മെഡലുകള്‍ എന്ന നേട്ടത്തിനൊപ്പം ടോക്യോയില്‍ ഇന്ത്യ എത്തി. 2018 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും 2019 ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും പൂനിയ നേടിയിരുന്നു.
മൂന്ന് തവണ ലോക ചാംപ്യനായ അസര്‍ബയ്ജാന്‍ താരം ഹാജി അലിയേവിനോടാണ് ബജ്‌റംഗ് സെമിയില്‍ തോറ്റത്. നേരത്തെ ക്വാര്‍ട്ടറില്‍ ഇറാന്‍ താരം മൊര്‍ത്തേസയെ മലര്‍ത്തിയടിച്ചാണ് ബജ്‌റംഗ് പൂനിയ സെമിയിലെത്തിയിരുന്നത്. 86 കിലോ വിഭാഗത്തില്‍ ദീപക് പൂനിയക്ക് നാലാം സ്ഥാനമാണ് ലഭിച്ചിരുന്നത്.