ദേശീയം
തനിക്കെതിരായ നിയമ നടപടികള്‍ അജണ്ടയുടെ ഭാഗമെന്ന് ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താന
തനിക്കെതിരായ നിയമ നടപടികള്‍ അജണ്ടയുടെ ഭാഗമെന്ന് ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താന. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടും ഫോണ്‍ പിടിച്ചെടുത്തതെന്തിനെന്ന് അറിയില്ല. ഉമ്മയുടെയും സഹോദരന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം പോലീസ് പരിശോധിച്ചു. ലക്ഷദ്വീപില്‍ നിന്ന് തിരിച്ചെത്തിയ ശേഷം വിമാനത്താവളത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആയിഷ. അഗത്തിയില്‍ നിന്നും ആയിഷ യാത്ര ചെയ്ത വിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന് ആദ്യം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടിരുന്നു. പിന്നീട് നെടുമ്പാശ്ശേരിയില്‍ തന്നെ ഇറക്കുകയായിരുന്നു.
അതേസമയം ആയിഷ സുൽത്താനയ്ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ആയിഷയുടെ ജൈവായുധ പരാമർശം കേന്ദ്രസർക്കാരിനെ അട്ടിമറിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് പ്രാഥമിക വിലയിരുത്തലിൽ കണക്കാക്കാനാകില്ലെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ജസ്റ്റിസ് അശോക് മേനോനാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
ലക്ഷദ്വീപിൽ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളോടും കോവിഡ് നിയന്ത്രണങ്ങളോടുമുള്ള എതിർപ്പ് പ്രകടിപ്പിക്കാനാണ് ഈ പരാമർശം നടത്തിയതെന്നും കോടതി വിലയിരുത്തി. സർക്കാരിനെതിരേ വിദ്വേഷമുണ്ടാക്കുന്ന സാഹചര്യത്തിലേ രാജ്യദ്രോഹക്കുറ്റം നിലനിൽക്കൂ. മുൻകൂർ ജാമ്യഹർജിയാണ് പരിഗണിക്കുന്നതെന്നതിനാൽ കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
ജൈവായുധമെന്ന പ്രയോഗത്തിൽ ആയിഷ ഖേദം പ്രകടിപ്പിച്ചതായി അവർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി. വിജയഭാനു വാദിച്ചതും കോടതി കണക്കിലെടുത്തു. കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം പ്രോസിക്യൂഷനും ഉന്നയിച്ചില്ല. അറസ്റ്റുചെയ്താൽ 50,000 രൂപയുടെ സ്വന്തം ബോണ്ടിലും തുല്യതുകയുടെ രണ്ട് ആൾജാമ്യത്തിലും വിട്ടയക്കണമെന്നാണ് നിർദേശം. ചോദ്യംചെയ്യലിന് കവരത്തിയിലെത്തിയ ആയിഷ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചെന്നുകാട്ടി ലക്ഷദ്വീപ് ഭരണകൂടം വ്യാഴാഴ്ചയും ജാമ്യഹർജി പരിഗണിച്ച ബെഞ്ചിൽ റിപ്പോർട്ട് ഫയൽ ചെയ്തിരുന്നു.