രാജ്യാന്തരം
വീട്ടിലിരുന്നുകൊണ്ട് കൊവിഡ് പരിശോധന നടത്താം; ചിലവ് കുറഞ്ഞ ടെസ്റ്റ് കിറ്റുകളുമായി ഓസ്‌ട്രേലിയൻ കമ്പനി
കൊവിഡ് 19 മഹാമാരി ഏറ്റവുമധികം തിരിച്ചടികള്‍ സമ്മാനിച്ച രാജ്യമാണ് യുഎസ്. കോടിക്കണക്കിന് മനുഷ്യരെയാണ് വിവിധ സ്‌റ്റേറ്റുകളിലായി യുഎസില്‍ കൊവിഡ് ബാധിച്ചത്. ഇതില്‍ നാലര ലക്ഷത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. ഇപ്പോഴും സ്ഥിതിഗതികള്‍ പരിപൂര്‍ണ്ണമായി നിയന്ത്രണവിധേയമാകാത്ത സാഹചര്യമാണ് യുഎസിലുള്ളത്.
ട്രംപില്‍ നിന്ന് അധികാരം ബൈഡനിലേക്ക് മാറുമ്പോള്‍ ഏറ്റവുമധികം പ്രതീക്ഷകളുയര്‍ന്നതും കൊവിഡ് പ്രതിരോധമേഖലയെ ചൊല്ലിയാണ്. എന്തായാലും ഈ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വീട്ടിലിരുന്നുകൊണ്ട് തന്നെ വളരെ എളുപ്പത്തില്‍ കൊവിഡ് പരിശോധന നടത്താനാകുന്ന ടെസ്റ്റ് കിറ്റുകള്‍ രാജ്യത്ത് എത്തിക്കാനാണ് ഇപ്പോള്‍ ബൈഡന്റെ നീക്കം. ഓസ്‌ട്രേലിയയിലുള്ള ഒരു കമ്പനിയാണ് ടെസ്റ്റ് കിറ്റുകള്‍ നിര്‍മ്മിക്കുന്നത്. ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിപ്ഷന്‍ വേണ്ട, സങ്കീര്‍ണ്ണമായ പരിശോധനാരീതിയല്ല, കുറഞ്ഞ സമയത്തിനകം ഫലം വരും, താരതമ്യേന കുറഞ്ഞ ചിലവ് എന്നിവയെല്ലാം ഈ ടെസ്റ്റ് കിറ്റിന്റെ പ്രത്യേകതകളാണ്.
ഫെബ്രുവരി മുതല്‍ തന്നെ ടെസ്റ്റ് കിറ്റുകളെത്തിച്ച് അവ വിതരണം ചെയ്യാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ എണ്‍പത് ലക്ഷത്തിലധികം കിറ്റുകളാണേ്രത എത്തുക. കൊവിഡ് 19 വ്യാപകമാകുന്നത് തടയാന്‍ പരിശോധനകളുടെ തോത് ഉയര്‍ത്തേണ്ടത് അനിവാര്യമാണെന്നും ലക്ഷണങ്ങള്‍ കൂടാതെ രോഗം പിടിപെടുന്നവരില്‍ നിന്ന് ഇത് തിരിച്ചറിയാത്തത് മൂലം മറ്റുള്ളവരിലേക്ക് രോഗം പകരുന്ന അവസ്ഥയാണ് ഏറെയും ഉള്ളതെന്നും സര്‍ക്കാര്‍ പ്രതിനിധികള്‍ അറിയിക്കുന്നു.
ഇക്കാരണങ്ങള്‍ കൊണ്ടാണ് വീട്ടിലിരുന്ന് പരിശോധിക്കാന്‍ സഹായകമായ ടെസ്റ്റ് കിറ്റുകളെത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും കമ്പനി കൂടുതല്‍ കിറ്റുകള്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങിയാല്‍ വിലയില്‍ ഇനിയും കുറവ് വരുമെന്നും ഇവര്‍ അറിയിക്കുന്നു.