കേരളം
അട്ടപ്പാടി മധു വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയതിന് ഹൈക്കോടതി സ്‌റ്റേ
അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജാമ്യം റദ്ദാക്കിയതിനെതിരെ രണ്ടു പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. തിങ്കളാഴ്ച വരെയാണ് സ്റ്റേ. ഹര്‍ജിയില്‍ സര്‍ക്കാരിനു നോട്ടിസ് അയയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
കേസില്‍ ഹൈക്കോടതിയാണ് പ്രതികള്‍ക്കു ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിക്ക് ഇതെങ്ങനെ റദ്ദാക്കാനാവുമെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി ആരാഞ്ഞു. ജാമ്യവ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് മണ്ണാര്‍ക്കാട് എസ്‌സിഎസ്ടി കോടതി കഴിഞ്ഞയാഴ്ച പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.
കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടര്‍ക്കഥയായ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. പ്രതികളുടെ സ്വാധീനത്താലാണ് സാക്ഷികള്‍ കൂറുമാറിയതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇതിനു തെളിവായി ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഹാജരാക്കി.
പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.