കേരളം
പത്തനംതിട്ടയില്‍ പോലീസിന് നേരെ തട്ടികയറിയ സംഭവം; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒന്നാം പ്രതി
പത്തനംതിട്ട പൊടിയാടിയില്‍ പോലീസിന് നേരെ തട്ടി കയറിയ സംഭവത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. പുളിക്കീഴ് പോലീസ് ആണ് കേസെടുത്തത്. കേസില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ 22 പ്രതികളാണുള്ളത്. പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.
കേസ് നിയമപരമായി നേരിടുമെന്ന് തിരുവഞ്ചൂര്‍ പ്രതികരിച്ചു. പ്രതിഷേധിക്കാന്‍ പോലും സമ്മതിക്കാത്ത ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് താണ്ഡവം നടത്തിയത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.
സി പി എം ഭരിക്കുന്ന നെടുമ്പ്രം പഞ്ചായത്തിലെ കുടുംബശ്രീ അഴിമതിക്കെതിരായ സമരത്തിനിടയായിരുന്നു സംഘര്‍ഷവും പോലീസുമായി വാക്കേറ്റവും ഉണ്ടായത്. പൊലീസ് സി പി എം ന് ഒത്താശ ചെയ്യുകയാണെന്നാരോപിച്ചായിരുന്നു തിരുവല്ല ഡിവൈഎസ്പി എസ് . അഷാദിന് നേരെ തിരുവഞ്ചൂര്‍ തട്ടിക്കയറിയത്.
നെടുമ്പ്രം ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീവുമായി ബന്ധപ്പെട്ട അറുപത്തിയൊമ്പത് ലക്ഷം രൂപയുടെ ഫണ്ട് തിരിമറി ജില്ലാ കുടുംബശ്രീ മിഷന്‍ ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. സിഡിഎസ് ചെയര്‍പേഴ്സണ്‍ അടക്കം പ്രതികളായ കേസില്‍ സിപിഎം ഇടപെട്ട് പ്രതികളെ സംരക്ഷികുന്നു എന്നാരോപിച്ചായിരുന്നു പൊടിയാഴി ജംഗ്ഷനിലെ കോണ്‍ഗ്രസ്സ് ഉപവാസ സമരം. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എത്തിയത്.
ഇതിനിടെ എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ വിളംബര ജാഥ ജംഗ്ഷനില്‍ എത്തിയത്. സിപിഎമ്മുകാര്‍ മൈക്കിലൂടെ പ്രസംഗിക്കാന്‍ തുടങ്ങിയതോടെ ഇതോടെ ഇരുവിഭാഗം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയായിരുന്നു. സിപിഎം പ്രവര്‍ത്തകരെ പ്രദേശത്തുണ്ടായിരുന്ന പൊലീസ് മാറ്റിയെങ്കിലും ഇടതു നേതാക്കള്‍ പൊടിയാടി ജംഗ്ഷനില്‍ പ്രസംഗം തുടര്‍ന്നു. ഇത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡിവൈഎസ്പി അഷാദുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്.