കേരളം
ഏഷ്യാനെറ്റ് ന്യൂസ് ലേഖകൻ ബിമൽ റോയ് അന്തരിച്ചു
വര്‍ഷങ്ങളായി ഏഷ്യാനെറ്റ് ന്യൂസിന്‍റെ മുഖമായിരുന്ന മുതിർന്ന മാധ്യമപ്രവർത്തകൻ ബിമൽ റോയ് അന്തരിച്ചു. 52 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാൻസർ രോഗത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്ക്കാരം നാളെ നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് സീനിയർ ബ്രോഡ് കാസ്റ്റ് ജേണലിസ്റ്റായിരുന്ന ബിമൽ റോയ് ദീർഘനാൾ ചെന്നൈയിലെ ഏഷ്യാനെറ്റ് ന്യൂസിൻ്റെ മുഖമായിരുന്നു. തമിഴ് രാഷ്ട്രീയനേതാക്കളുമായും സിനിമാതാരങ്ങളുമായി അടുത്ത ബന്ധം. തമിഴകത്തെ ഓരോ ചലനങ്ങളും പ്രമുഖരുടെ പ്രതികരണങ്ങളുമെല്ലാം ദേശീയമാധ്യമങ്ങൾക്ക് മുമ്പേ ഏഷ്യാനെറ്റ് ന്യൂസിലൂടെ ബിമൽ നൽകിക്കൊണ്ടിരുന്നു.
തിരുവനന്തപുരത്തേക്ക് മടങ്ങിയ ബിമൽ റോയ് സെൻട്രൽ ഡെസ്കിൽ ഏറെ നാൾ റിസർച്ച് വിഭാഗത്തിലായിരുന്നു. ക്യാൻസർ രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും മഹാരോഗത്തോട് പൊരുതി ഏറെനാൾ മുന്നോട്ട് പോയി. ഇന്ന് രാവിലെ ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
തിരുവനന്തപുരത്ത് കനകനഗറിലാണ് വീട്. വീണാ ബിമൽ ആണ് ഭാര്യ, ലക്ഷ്മി റോയിയാണ് മകൾ.