കേരളം
സർവകലാശാലകളിലെ പ്രവേശനത്തിന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നൽകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
സർവകലാശാലകളിലെ പ്രവേശനത്തിന് വിദ്യാർത്ഥികൾ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നൽകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റിയിലെ വിവിധ കോഴ്‌സുകളുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാഹസമയത്ത് സ്ത്രീധനം വാങ്ങുകയോ കൊടുക്കയോ ചെയ്യില്ലെന്ന സത്യവാങ്മൂലം വിദ്യാർത്ഥികളിൽ നിന്ന് എഴുതിവാങ്ങിയ ശേഷമാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഈ സത്യവാങ്മൂലം വൈസ് ചാൻസലർ ഗവർണർക്ക് കൈമാറി. സ്ത്രീധനം വേണ്ടെന്ന് പറഞ്ഞ വിദ്യാർത്ഥികളുടെ നിലപാട് സമൂഹത്തിന് മാതൃകയാണെന്നും ഗവർണർ പറഞ്ഞു.
സ്ത്രീധനത്തിന് എതിരെ എല്ലാ സ്‌കൂളുകളിലും പ്രചാരണം നടത്തണമെന്നും ഗവർണർ അഭിപ്രായപ്പെട്ടു. വധുവിനെ മോഡലാക്കിയുള്ള പരസ്യം ജുവലറികൾ ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. അടുത്തിടെ സ്ത്രീധന പീഡനത്തിന്റെ പേരിൽ വിസ്മയ ഉൾപ്പടെ നിരവധി പെൺകുട്ടികൾ ജീവനൊടുക്കിയിരുന്നു.