കേരളം
പുളിക്കലിൽ സാമൂഹ്യ പ്രവർത്തകൻ ജീവനൊടുക്കിയ സംഭവം; സിപിഐഎം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സഹോദരൻ
മലപ്പുറം പുളിക്കൽ പഞ്ചായത്തിൽ സാമൂഹ്യ പ്രവർത്തകൻ ജീവനൊടുക്കിയ സംഭവത്തിൽ സിപിഐഎം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സഹോദരൻ. മൃതദേഹത്തോട് സിപിഐഎം അനാദരവ് കാണിച്ചു എന്ന് റസാഖ് പയമ്പ്രോട്ടിന്റെ സഹോദരൻ ജമാൽ പപറഞ്ഞു.
പാർട്ടി പതാക പുതപ്പിക്കാൻ കൊണ്ടോട്ടിയിലെ സഖാക്കൾ തയ്യാറായില്ല. റസാഖ് പോരാടിയത് നീതിക്ക് വേണ്ടിയാണ്. പാർട്ടിക്കെതിരെ റസാഖ് ഒന്നും ചെയ്തിട്ടില്ല. റസാഖിന്റെ മരണം ജനങ്ങൾക്ക് വേണ്ടിയാണ്. പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റിന് വേണ്ടി സിപിഐഎം പഞ്ചായത്ത് പ്രസിഡന്റിനെ മാറ്റി. കഴിഞ്ഞ തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് നിശ്ചയിച്ചിരുന്നത് മറ്റൊരാളെയായിരുന്നു. അവർ പ്ലാന്റിനെതിരെ നിലപാട് എടുത്തതോടെയാണ് കെ കെ മുഹമ്മദ് പഞ്ചായത്ത് പ്രസിഡന്റ് ആകുന്നത്. റസാഖിന് നേരെ ഭീഷണി ഉണ്ടായിരുന്നു. ചില വാഹനങ്ങൾ പിന്തുടരാറുണ്ട് എന്ന് തന്നോട് സഹോദരൻ പറഞ്ഞിരുന്നു എന്നും ജമാൽ പ്രതികരിച്ചു.
ഇക്കാര്യത്തിൽ റസാഖിന്റെ കുടുംബം കൊണ്ടോട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ്, പാർട്ടി ലോക്കൽ സെക്രട്ടറി തുടങ്ങിയവർ മരണത്തിന് ഉത്തരവാദികളാണെന്ന് പരാതിയിൽ പറയുന്നു.
നേരത്തെ പുളിക്കലിലെ പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റ് വീണ്ടും തുറക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞിരുന്നു. പ്ലാന്റിനെതിരെ നിരന്തരം പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചായിരുന്നു സിപിഐഎം സഹായയാത്രികനും സാമൂഹ്യ പ്രവർത്തകനുമായ റസാഖ് പായമ്പ്രോട്ടിന്റെ ആത്മഹത്യ. സംഘർഷം മുന്നിൽ കണ്ട് പോലീസ് ഇടപെട്ട് പ്ലാന്റ് താത്കാലിമായി അടച്ചു.
റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റ് താത്കാലികമായി അടച്ചിടാൻ പൊലീസ് നിർദേശം നൽകിയിരുന്നു. ഇത് അവഗണിച്ചാണ്, ജീവനക്കാർ എത്തി ഇന്ന് പ്ലാന്റ് തുറന്നത്. ഇതോടെ, സ്ത്രീകളും കുട്ടികളുമടങ്ങിയ നാട്ടുകാർ പ്രതിഷേധവുമായി എത്തി. കൃത്യമായ മാർഗനിർദേശങ്ങൾ പാലിച്ചല്ല പ്ലാന്റിന്റെ പ്രവർത്തനമെന്ന് നാട്ടുകാർ ആവർത്തിച്ചു. പ്രതിഷേധം ശക്തമായതോടെ പോലീസ് ഇടപെട്ട് പ്ലാന്റ് താത്കാലികമായി പൂട്ടി.
അതേസമയം, പ്ലാന്റ് അടച്ചുപൂട്ടുന്നത് വരെ പ്രതിഷേധപരിപാടികൾ തുടരാനാണ് നാട്ടുകാരുടെ തീരുമാനം. ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന പ്ലാന്റിനെതിരെ റസാഖിന്റെ കുടുംബം ഉൾപ്പെടെയുള്ള നാട്ടുകാർ കഴിഞ്ഞ കുറേക്കാലമായി സമരത്തിലാണ്. പ്ലാന്റിനെതിരെ നിരന്തരം നൽകിയ പരാതി, പഞ്ചായത്ത് അവഗണിച്ചതോടെയാണ് റസാഖ് ആത്മഹത്യ ചെയ്തത്.