കേരളം
‘ഉന്നയിക്കാത്ത കാര്യത്തിന് മറുപടി പറഞ്ഞ് ഉന്നയിച്ച വിഷയം മാറ്റാന്‍ ശ്രമം’;വിശദീകരണവുമായി മന്ത്രി
തനിക്കൊപ്പം യുഡിഎഫ് എംപിമാര്‍ കേന്ദ്ര ധനകാര്യ മന്ത്രിയെ കാണാന്‍ വന്നില്ലെന്ന ആക്ഷേപം ഒരിടത്തും ഉന്നയിച്ചിട്ടില്ലെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍. ഉന്നയിക്കാത്ത വിഷയത്തിനു മറുപടി പറഞ്ഞ് ഉന്നയിച്ച വിഷയം മാറ്റാനാണ് ശ്രമിക്കുന്നത്. കേരളത്തിന്റെ പൊതുവായ താല്പര്യമുയര്‍ത്തിപ്പിടിച്ച് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി അര്‍ഹമായ സാമ്പത്തിക വിഹിതം നേടിയെടുക്കണമെന്ന പൊതു തീരുമാനത്തില്‍ നിന്ന് യുഡിഎഫ് എംപിമാര്‍ പിന്മാറിയത് ദുഃഖകരവും പ്രതിഷേധാര്‍ഹവുമാണെന്ന് മന്ത്രി വ്യക്തമാക്കി.
കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണന കേരളത്തിലെ എംപിമാര്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും വിഷയത്തില്‍ ഒരു നിവേദനം കേന്ദ്ര ധനകാര്യ മന്ത്രിയ്ക്ക് സമര്‍പ്പിക്കണമെന്നും തീരുമാനമെടുത്തിരുന്നു. ഇതിനായി വിശദമായ കുറിപ്പ് തയ്യാറാക്കുകയും ചെയ്തു. എന്നാല്‍ എംപിമാരുടെ നിവേദനത്തില്‍ ഒപ്പിടാനോ നിവേദക സംഘത്തിന്റെ ഭാഗമാകാനോ യുഡിഎഫ് എംപിമാര്‍ തയ്യാറായില്ല എന്നതായിരുന്നു താന്‍ ഉന്നയിച്ച പ്രശ്‌നമെന്നും ബാലഗോപാല്‍ വിശദീകരിച്ചു.
മന്ത്രി കെഎന്‍ ബാലഗോപാലിന്റെ കുറിപ്പ്: കേന്ദ്ര ധനകാര്യ മന്ത്രിയെ കണ്ട കേരള എംപിമാരുടെ നിവേദക സംഘത്തില്‍ യുഡിഎഫ് എംപിമാര്‍ സഹകരിച്ചില്ല എന്ന ഞാന്‍ ഇന്നലെ ഉയര്‍ത്തിയ വിമര്‍ശനം സംബന്ധിച്ച് ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവും യുഡിഎഫ് നേതാക്കളും നടത്തിയ പ്രതികരണം തെറ്റിദ്ധാരണാജനകമാണ്. പാര്‍ലമെന്റ് സമ്മേളനത്തിനു മുന്‍പ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന എംപിമാരുടെ യോഗത്തില്‍, കേരളത്തോടുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണന കേരളത്തിലെ എംപിമാര്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും ഈ വിഷയത്തില്‍ ഒരു നിവേദനം കേന്ദ്ര ധനകാര്യ മന്ത്രിയ്ക്ക് സമര്‍പ്പിക്കണമെന്നും തീരുമാനമെടുത്തിരുന്നു. ഇതിനായി വിശദമായ കുറിപ്പ് തയ്യാറാക്കുകയും ചെയ്തു. എന്നാല്‍ എംപിമാരുടെ നിവേദനത്തില്‍ ഒപ്പിടാനോ നിവേദക സംഘത്തിന്റെ ഭാഗമാകാനോ യുഡിഎഫ് എംപിമാര്‍ തയ്യാറായില്ല എന്നതായിരുന്നു ഞാന്‍ ഉന്നയിച്ച പ്രശ്‌നം. എന്നാല്‍ സംസ്ഥാന ധനകാര്യ മന്ത്രി ഡല്‍ഹിയിലെത്തി കേന്ദ്ര ധനകാര്യമന്ത്രിയെ കണ്ട സന്ദര്‍ഭത്തില്‍ ഒപ്പം പോകാന്‍ എം പിമാരെ ക്ഷണിച്ചിരുന്നില്ല എന്ന മറുപടി നല്‍കി തെറ്റിദ്ധരിപ്പിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. സംസ്ഥാന ധനകാര്യ മന്ത്രിയോടൊപ്പം എംപിമാര്‍ കേന്ദ്ര ധനകാര്യ മന്ത്രിയെ കാണാന്‍ വന്നില്ല എന്ന ആക്ഷേപം ഞാന്‍ ഒരിടത്തും ഉന്നയിച്ചിട്ടില്ല. ഞാന്‍ ഉന്നയിക്കാത്ത വിഷയത്തിനു മറുപടി പറഞ്ഞ് ഉന്നയിച്ച വിഷയം മാറ്റാനാണ് ശ്രമിക്കുന്നത്. കേരളത്തിന്റെ പൊതുവായ താല്പര്യമുയര്‍ത്തിപ്പിടിച്ച് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി അര്‍ഹമായ സാമ്പത്തിക വിഹിതം നേടിയെടുക്കണം എന്ന പൊതു തീരുമാനത്തില്‍ നിന്ന് യുഡിഎഫ് എംപിമാര്‍ പിന്മാറിയത് അങ്ങേയറ്റം ദുഃഖകരവും പ്രതിഷേധാര്‍ഹവുമാണെന്ന് ആവര്‍ത്തിക്കുന്നു.
മറ്റൊന്ന് കേരളത്തോട് കേന്ദ്രം കാട്ടുന്ന സാമ്പത്തിക അവഗണനയെക്കുറിച്ചുള്ള പ്രതിപക്ഷനേതാവിന്റെ സമീപനത്തെക്കുറിച്ചാണ്. കേരളത്തോടുള്ള കേന്ദ്ര അവഗണനയുമായി ബന്ധപ്പെട്ട വ്യക്തമായ കണക്കുകള്‍ സഹിതം ഞാന്‍ ഇന്നലെ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. എന്നാല്‍ ഇന്ന് പതിവുപോലെ പ്രതിപക്ഷ നേതാവ് കേന്ദ്രസര്‍ക്കാരിന് പ്രതിരോധവും തീര്‍ത്ത് രംഗത്ത് വന്നിട്ടുണ്ട്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന ഗവണ്‍മെന്റ് നികുതി പിരിക്കാത്തതാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കേന്ദ്രം കേരളത്തിന് അര്‍ഹമായ നികുതി വിഹിതം നല്‍കുന്നില്ല എന്നതും സംസ്ഥാനത്തിന് അര്‍ഹമായ കടമെടുപ്പ് പോലും അനുവദിക്കുന്നില്ല എന്നതും അദ്ദേഹത്തിന് അറിയാത്ത കാര്യമല്ല. കേരള നിയമസഭയില്‍ എത്രയോ തവണ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതാണ്. രാജ്യത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളോട് കേന്ദ്ര ഗവണ്‍മെന്റ് പുലര്‍ത്തുന്ന സാമ്പത്തിക സമീപനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. അപ്പോഴും പ്രതിപക്ഷ നേതാവ് കേന്ദ്രത്തെ കുറ്റപ്പെടുത്താതെ കേരളത്തിന്റെ നികുതി പിരിവിന്റെ കുഴപ്പമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാനീ എന്ന് പറയുന്നത് ഏത് വസ്തുതയുടെ അടിസ്ഥാനത്തിലാണ്? ബിജെപി ഗവണ്‍മെന്റിനെ വിമര്‍ശിക്കുമ്പോള്‍ അദ്ദേഹം ഇത്രമേല്‍ അസ്വസ്ഥനാകുന്നത് എന്തുകൊണ്ടാണ്? കേരളത്തിന്റെ തനത് വരുമാനത്തില്‍ രണ്ടുവര്‍ഷംകൊണ്ട് ഇരുപത്തിനാലായിരം കോടി രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2021 ല്‍ 47000 കോടി രൂപയായിരുന്ന തനത് വരുമാനം 2023 ല്‍ 71000 കോടി രൂപയായി ഉയര്‍ന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തനത് നികുതി വരുമാനവും വാര്‍ഷിക വരുമാന വര്‍ദ്ധനവുമാണ് ഈ വര്‍ഷം ഉണ്ടായിട്ടുള്ളത്. നിയമസഭയില്‍ സമര്‍പ്പിച്ചിട്ടുള്ള ഈ കണക്കുകള്‍ അറിയുന്ന പ്രതിപക്ഷ നേതാവ് സംസ്ഥാനത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി ഒരുമിച്ച് നില്‍ക്കാന്‍ തയ്യാറാകുകയാണ് വേണ്ടത്.