കേരളം
ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പരിശീലനവും സര്‍ട്ടിഫിക്കേഷനും; ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഒഴിവാക്കും
സംസ്ഥാനത്ത് ആദ്യമായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പരിശീലനവും സര്‍ട്ടിഫിക്കേഷനും നടത്താനുള്ള ശ്രമത്തിലാണ് ജില്ലയിലെ മോട്ടോര്‍വാഹന എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. ആംബുലന്‍സുകളുടെ അനാവശ്യമായ അപകടപ്പാച്ചില്‍ നിയന്ത്രിക്കുക എന്നതാണ് ലക്ഷ്യം.
ജില്ലയില്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്ന വാഹനങ്ങളുടെ ക്രമത്തില്‍ നാലാംസ്ഥാനത്താണ് ആംബുലന്‍സുകള്‍ എന്ന കണ്ടെത്തലാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് അടിയന്തര പരിശീലനം നല്‍കാന്‍ പദ്ധതിയൊരുക്കിയതിനു കാരണം. ക്രിമിനല്‍ പശ്ചാത്തലമുള്ള ആരും ആംബുലന്‍സ് ഡ്രൈവര്‍മാരായിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും കരുതലും സേവനമനോഭാവവും ഇവരില്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.
അടിയന്തരഘട്ടങ്ങളില്‍ നടത്തേണ്ട ജീവന്‍രക്ഷാ പരിശീലനവും ഇവര്‍ക്കുനല്‍കും. ബുധനാഴ്ചമുതല്‍ വിവരശേഖരണം തുടങ്ങും.
ആംബുലന്‍സുകള്‍ റോഡില്‍ തടഞ്ഞുനിര്‍ത്തില്ല. ഉദ്യോഗസ്ഥര്‍ ആംബുലന്‍സ് പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കും. വാഹനങ്ങളുടെ വിവരങ്ങളും ഡ്രൈവര്‍മാരുടെ വിവരങ്ങളും പ്രത്യേക രജിസ്റ്ററില്‍ ഉള്‍പ്പെടുത്തും.