കേരളം
അമ്പലമുക്ക് കൊലക്കേസ്: പ്രതി തമിഴ്നാട് സ്വദേശി കസ്റ്റഡിയിൽ
അമ്പലമുക്ക് കൊലപാതകത്തിലെ പ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി രാജേഷാണ് പിടിയിലായത്. പൊലീസ് സംഘം തമിഴ്നാട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. പേരൂർക്കടയിലെ ഒരു ചായക്കടയിലെ തൊഴിലാളിയായ ഇയാൾക്ക് കൊലപാതകത്തിനിടെ പരിക്കേറ്റിരുന്നു. പേരൂർക്കട ആശുപത്രിയിലെ ചികിത്സക്ക് ശേഷമാണ് ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതെന്നാണ് വിവരം. മോഷണത്തിന് വേണ്ടിയായിരുന്നു കൊലപാതകമെന്നാണ് വിവരം. മോഷ്ടിച്ച വിനീതയുടെ മാല കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. അമ്പലമുക്കിൽ നിന്നും ഓട്ടോയിൽ കയറി മുട്ടട ഇറങ്ങിയ പ്രതി മറ്റൊരു സ്കൂട്ടറിൽ കയറി ഉള്ളൂരിലിറങ്ങി. ഇവിടെ നിന്നും ഒരു ഓട്ടോയിൽ കയറി പേരൂർക്കട ഇറങ്ങിയെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളും രേഖാചിത്രവും കണ്ട ഓട്ടോ ഡ്രൈവരാണ് പൊലീസിന് വിവരം കൈമാറിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് അമ്പലമുക്കില്‍ ചെടി വിൽപ്പന നടത്തുന്ന കടയിലെ ജീവനക്കാരി വിനീത കൊല്ലപ്പെട്ടത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അവധിയായിട്ടും ചെടികള്‍ക്ക് വെള്ളമൊഴിക്കാനെത്തിയ യുവതിയെ 11 മണിവരെ സമീപവാസികള്‍ പുറത്തുകണ്ടിരുന്നു. അതിന് ശേഷം നഴ്സറിയില്‍ ചെടിവാങ്ങാനെത്തിയ ചിലര്‍ ആരെയും കാണാത്തതിനെ തുടര്‍ന്ന് ബോര്‍ഡില്‍ എഴുതിയിരുന്ന നമ്പരില്‍ ഉടമസ്ഥനെ വിളിച്ചു.
വിനീത കടയിലുണ്ടെന്ന് ഉടമ പറഞ്ഞെങ്കിലും ആരും ഇല്ലെന്ന് ചെടിവാങ്ങാനെത്തിയവര്‍ മറുപടി നല്‍കി. സംശയം തോന്നിയ ഉടമസ്ഥൻ മറ്റൊരു ജീവനക്കാരിയെ ഇവിടേക്ക് പറഞ്ഞയച്ചു. ഇവരെത്തി പരിശോധിച്ചപ്പോഴാണ് നഴ്സറിയുടെ ഇടത് വശം ഇടുങ്ങിയ സ്ഥലത്ത് വളം വയ്ക്കുന്ന സ്ഥലത്ത് ടാര്‍പ്പോളിനടിയില്‍ മൃതദേഹം കണ്ടത്. പുല്ല് വെട്ടുന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ മൂര്‍ച്ചയേറിയ മൂന്ന് കുത്തേറ്റാണ് മരണം സംഭവിച്ചത്. വിനിതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപവന്‍റെ മാല കണ്ടെത്താനായില്ല. ആഭരണമോ പണമോ കൈക്കലാക്കാനാണ് കൊലപാതകമെന്നാണ് പൊലീസ് സംശയിച്ചത്.