കേരളം
കൊന്നത് മദ്യം കുടിപ്പിച്ച ശേഷം; ആലുവ കേസിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ അപേക്ഷ നൽകി
ആലുവയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത് മദ്യം കുടിപ്പിച്ച ശേഷമെന്ന് കുറ്റപത്രം. പ്രതിയായ ബിഹാർ സ്വദേശി അസഫാക് ആലം പഴച്ചാറിൽ കൂടിയ അളവിൽ മദ്യം കലർത്തി കുട്ടിക്ക് നൽകുകയായിരുന്നു. റെക്കോർഡ് വേഗത്തിലാണു ആലുവ റൂറൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. പ്രകൃതിവിരുദ്ധ പീഡനത്തിനിടെ ബോധരഹിതയായ കുട്ടി ഉണരുമ്പോൾ വിവരം പുറത്തു പറയുമെന്ന് കരുതിയാണു കുട്ടിയെ കൊലപ്പെടുത്തിയത്.
വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ പ്രോസിക്യൂഷൻ പ്രത്യേക അപേക്ഷ സമർപ്പിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോകൽ, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളും പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പൊലീസ് നടത്തിയ അന്വേഷണത്തിൽ നിന്ന് ഇയാൾ ഡൽഹിയിൽ മറ്റൊരു പോക്സോ കേസിൽ പ്രതിയാണെന്നും അവിടെ ജാമ്യത്തിലിറങ്ങി കേരളത്തിലേക്കു കടന്നതാണെന്നും കണ്ടെത്തി.
പ്രതി സമാന കുറ്റകൃത്യങ്ങൾ തുടർച്ചയായി ചെയ്യുന്നതിനാൽ കസ്റ്റഡിയിലുള്ള പ്രതിയുടെ വിചാരണ വേഗത്തിൽ പൂർത്തിയാക്കി വിധി പറയേണ്ടതു സാമൂഹിക സുരക്ഷയ്ക്ക് ആവശ്യമാണെന്നു ചൂണ്ടിക്കാട്ടിയാണു വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ പ്രോസിക്യൂഷൻ അപേക്ഷ നൽകിയത്.കൊലപാതകം നടന്ന് 35-ാം ദിവമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. വിശദമായ അന്വേഷണ റിപ്പോര്‍ട്ടും ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും ഉള്‍പ്പടുത്തി 645 പേജുള്ള കുറ്റപത്രമാണ് എറണാകുളം പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ചത്. ജൂലൈ 28 നാണ് ബിഹാര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരി അതിദാരുണമായി കൊല്ലപ്പെടുന്നത്.
കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആലുവ മാര്‍ക്കറ്റിലെ ചവറ്റുകൂനയില്‍ തള്ളുകയായിരുന്നു. കേസില്‍ അസ്ഫാക് ആലം മാത്രമാണ് പ്രതി. കൊലപാതകം, ബലാത്സംഗം, തെളിവു നശിപ്പിക്കല്‍, പോക്‌സോ വകുപ്പു പ്രകാരമുള്ള കുറ്റങ്ങള്‍ തുടങ്ങിയവ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസില്‍ 99 സാക്ഷികളാണുള്ളത്. പ്രതിക്കെതിരെ 62 മെറ്റീരിയല്‍ എവിഡന്‍സും ശേഖരിച്ചിട്ടുണ്ട്. പ്രതി അസ്ഫാക് തന്നെയാണ് കുറ്റകൃത്യം ചെയ്തതെന്ന് തെളിയിക്കാനുള്ള തെളിവുകള്‍ പൊലീസിന്റെ പക്കലുണ്ട്. ഡിഎന്‍എ പരിശോധന അടക്കമുള്ള തെളിവുകളും ശേഖരിച്ചിട്ടുണ്ട്.