കേരളം
ബാലരാമപുരത്ത് അടിപ്പാത നിര്‍മ്മിക്കുന്നതിനെതിരെ വ്യാപാരികൾ എന്ന് ആരോപണം; കരമന-കളിയിക്കാവിള ദേശീയപാത വികസനം സ്തംഭനത്തിൽ
തിരുവനന്തപുരം കരമന – കളിയിക്കാവിള ദേശീയപാതയിൽ ബാലരാമപുരത്ത് അടിപ്പാത നിര്‍മ്മിക്കുന്നതിനെതിരെ വ്യാപാരികൾ. അടിപ്പാത നിര്‍മ്മിച്ചാൽ വാണിജ്യ പട്ടണമെന്ന പ്രശസ്തി ബാലരാമപുരത്തിന് നഷ്ടമാകുമെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്. എന്നാൽ ദേശീയപാത വികസനത്തെ അട്ടിമറിക്കാനുള്ള സ്ഥാപിത നീക്കമെന്നാണ് ദേശീയപാതാ കര്‍മ്മസമിതിയുടെ നിലപാട്.
അണ്ടർപാസ് പൂർണമായും ഉപേക്ഷിച്ച് റൗണ്ട് ഐലന്റോടെയുളള വികസനം സാദ്ധ്യമാക്കണമെന്ന് കേരള വ്യാപാരി വ്യവസായ ഏകോപന സമിതി ബാലരാമപുരം യൂണിറ്റിന് വേണ്ടി പ്രസിഡന്റ് ഇ.എം.ബഷീർ, ജനറൽസെക്രട്ടറി വി.രത്നാകരൻ, ട്രഷറർ രാമപുരം മുരളി തുടങ്ങിയവർ സംയുക്ത പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. ബാലരാമപുരം ജംഗ്ഷൻ മണ്ണ് ഉറപ്പില്ലാത്ത സ്ഥലമാണ്. അണ്ടർപാസിനായി അഞ്ചടി താഴ്‌ത്തുമ്പോൾ തന്നെ ജലം പൊന്തിവരും. ബാലരാമപുരത്ത് ഗതാഗതക്കുരുക്കിനു കാരണം വാഹന ബാഹുല്യമല്ല. ബസ് സ്റ്റാൻഡുകളിൽ ബസ് നിറുത്തുമ്പോൾ പിന്നാലെ വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ സ്ഥലമില്ലാത്തതാണ്.
അതിനാൽ 14 മീറ്റർ മാത്രമുളള റോഡ് ഇരട്ടിയിൽ കൂടുതൽ ആവുകയും ബസ്ബേകളും വരുന്നതോടെ ഗതാഗതക്കുരുക്ക് പൂർണമായും പരിഹരിക്കപ്പെടും. സർവേ നടക്കുന്ന വിഴിഞ്ഞം,കോട്ടൂർ,അംബാസമുദ്രം റോഡ് പൂർത്തിയായാൽ ബാലരാമപുരത്തെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. തമ്പാനൂർ മുതൽ ബാലരാമപുരം വരെയുളള ഹൈവേ റോഡിൽ ഉപറോഡുകൾ തിരിയുന്ന ചെന്തിട്ട,കിള്ളിപ്പാലം, കരമന, പാപ്പനംകോട്,വെളളായണി, പ്രാവച്ചമ്പലം ഉൾപ്പെടെയുളള സ്ഥലങ്ങളിലെല്ലാം സിഗ്നൽ സംവിധാനത്തിലൂടെ വാഹനങ്ങൾ സുഗമമായി സഞ്ചരിക്കുമ്പോൾ ബാലരാമപുരത്ത് മാത്രം അണ്ടർപാസ് വേണമെന്ന നിർബന്ധ ബുദ്ധിയുടെ ഉദ്ദേശ്യശുദ്ധി വ്യക്തമല്ല.
വ്യാപാരികൾ ഒരിക്കലും വികസനത്തിന് എതിരല്ല. തൊഴിൽ അഭിവൃദ്ധിപ്പെടണമെങ്കിൽ സഞ്ചാരയോഗ്യമായ പാതകൾ വേണം.ആയതിനാൽ ബാലരാമപുരം ഹൈവേ വികസനത്തിന് വ്യാപാരികളുടെ ആവലാതികൾ പരിഹരിച്ചുളള പദ്ധതി നടപ്പിലാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
നിര്‍മ്മാണം തുടങ്ങി 12 വര്‍ഷം പിന്നിട്ടിട്ടും വഴിമുട്ടിയ കരമന-കളിയിക്കാവിള ദേശീയപാതാ വികസനത്തിനുള്ള ഏക പോംവഴിയായിരുന്നു ബാലരാമപുരത്തെ അടിപ്പാത. സ്ഥലം ഏറ്റെടുപ്പ് വഴിമുട്ടിയതോടെ മേൽപാലമെന്ന ആദ്യ നിര്‍ദ്ദേശം വ്യാപാരികൾ തള്ളിയതോടെയാണ് അടിപ്പാത നിര്‍മ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് അനുമതി നൽകിയത്. കൊടിനട മുതൽ തയ്ക്കാപ്പള്ളിവരെ അടിപ്പാതയുടെ വിശദ പദ്ധതി രേഖ കിഫ്ബി അംഗീകരിച്ച് 113 കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാൽ ദേശീയപാതാ വികസനത്തിനായി സ്ഥലം വിട്ടുനൽകാൻ തയ്യാറാണെന്ന് അറിയിച്ചിട്ടും അടിപ്പാത നിര്‍മ്മിക്കുന്നത് അശാസ്ത്രീയമാണെന്നാണ് വ്യാപാരികൾ പറയുന്നത്.
ഗതാഗതക്കുരുക്കഴിക്കാൻ ഏറ്റവും എളുപ്പമുള്ള മാര്‍ഗമായ അടിപ്പാതയുടെ നിര്‍മ്മാണത്തെ എതിര്‍ക്കുന്നതിന് പിന്നിൽ ദേശീയപാതാ വികസനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നാണ് കര്‍മ്മസമിതിയുടെ നിലപാട്. നാലുമുക്ക് കവലയായ ബാലരാമപുരത്ത് അടിപ്പാതയോ മേൽപ്പാലമോ ഇല്ലാതെ ദേശീയപാത വികസിപ്പിച്ചാൽ വീണ്ടും ഗതാഗതക്കുരുക്കിനിടയാക്കുമെന്നാണ് മുന്നറിയിപ്പ്.