കേരളം
ജലനിരപ്പും നീരൊഴുക്കും കുറഞ്ഞു; ഇടുക്കി അണക്കെട്ടിലെ എല്ലാ ഷട്ടറുകളും അടച്ചു
ഇടുക്കി ചെറുതോണി അണക്കെട്ടിലെ എല്ലാ ഷട്ടറുകളും അടച്ചു. ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ അടച്ചത്. ഇതോടെ പെരിയാര്‍ തീരത്തുള്ളവരുടെ ദിവസങ്ങള്‍ നീണ്ട ആശങ്കയ്ക്ക് വിരാമമായി.
കനത്തമഴയില്‍ നീരൊഴുക്ക് ശക്തമാകുകയും ജലനിരപ്പ് ഉയരുകയും ചെയ്തതിനെ തുടര്‍ന്ന് ഏഴാം തീയതിയാണ് ഇടുക്കി ഡാം തുറന്നത്. കഴിഞ്ഞ അഞ്ചുദിവസമായി ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് മഴ കുറവാണ്. ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടര്‍ന്ന് ഇന്ന് രാവിലെ തുറന്നുവച്ചിരുന്ന അവസാന ഷട്ടറും അടയ്ക്കുകയായിരുന്നു. 40 സെന്റിമീറ്റര്‍ ഉയര്‍ത്തിവച്ച് 30,000 ലിറ്റര്‍ വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കിയിരുന്നത്.
നിലവില്‍ 2386.74 അടി ആണ് ജലനിരപ്പ്. റൂള്‍ കര്‍വ് അനുസരിച്ച് 2386. 81 അടി വെള്ളം അണക്കെട്ടില്‍ സംഭരിക്കാന്‍ കഴിയും. കനത്തമഴയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നുവിട്ടതിനെ തുടര്‍ന്നാണ് ദിവസങ്ങള്‍ക്ക് മുന്‍പ് ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് പെട്ടെന്ന് തന്നെ ഉയര്‍ന്നത്. ഇതിന് പുറമേ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതും ഇടുക്കി അണക്കെട്ടിലെ നീരൊഴുക്ക് വര്‍ധിപ്പിച്ചു.