ദേശീയം
എയർ ഇന്ത്യയിലെ ജോലിക്കായി തിക്കും തിരക്കും; ദുരന്തമൊഴിവായത് തലനാരിഴക്ക്
എയർ ഇന്ത്യ എയർപോർട്ട് സർവീസ് ലിമിറ്റഡിന്റെ അഭിമുഖത്തിനായി മുംബൈയിലെ കാലിനയിലെത്തിയത് ആയിരങ്ങൾ. ചൊവ്വാഴ്ചയായിരുന്നു ആയിരക്കണക്കിനാളുകൾ വാക്ക്-ഇൻ ഇന്റർവ്യുവിനായി തിക്കിത്തിരക്കിയത്. തിരക്ക് മൂലം തലനാരിഴക്കാണ് ദുരന്തം ഒഴിവായത്.
ദുരന്തമുണ്ടാകാനുള്ള സാധ്യത മുന്നിൽകണ്ട് എയർ ഇന്ത്യ അധികൃതർ വിഷയത്തിൽ ഇടപെടുകയായിരുന്നു. അഭിമുഖത്തിനെത്തിയ ആളുകളിൽ നിന്ന് സി.വി വാങ്ങിവെച്ച് പിന്നീട് അറിയിക്കാമെന്ന് വ്യക്തമാക്കി അവരെ എത്രയും പെട്ടെന്ന് അഭിമുഖ സ്ഥലത്ത് നിന്ന് ഒഴിപ്പിപ്പിച്ചു. ഇതോടെയാണ് ദുരന്തസാധ്യത ഒഴിവായത്.
ഇന്ത്യയുടെ തൊഴിൽ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് സംഭവമെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നിട്ടുണ്ട്. അതേസമയം, ലഭിച്ച സി.വികൾ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കുമെന്നും തുടർന്ന് അർഹരായ ഉദ്യോഗാർഥികളെ അഭിമുഖത്തിന് ക്ഷണിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.
നേരത്തെ ഗുജറാത്തിലും ജോലിക്കായുള്ള അഭിമുഖത്തിനിടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഭറൂച്ചിലായിരുന്നു സംഭവം. സ്വകാര്യ കമ്പനിയിലെ 10 ഒഴിവുകൾക്കായാണ് ആയിരങ്ങളെത്തിയത്. തിരക്കിൽ ചിലർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.