ദേശീയം
വിമാനയാത്രയ്ക്ക് ഇനി ചെലവേറും; വിമാന ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു
എണ്ണവിതരണ കമ്പനികള്‍ വിമാന ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. ഒരു കിലോലിറ്ററിന് 2354 രൂപയാണ് വര്‍ധിപ്പിച്ചത്. 3.6 ശതമാനം വര്‍ധന. ആയിരം ലിറ്ററാണ് ഒരു കിലോ ലിറ്റര്‍. ഇതോടെ ഡല്‍ഹിയില്‍ ഒരു കിലോലിറ്റര്‍ വിമാനഇന്ധനത്തിന്റെ വില 68,262 രൂപയായി ഉയര്‍ന്നു.
ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നതാണ് വിമാന ഇന്ധനവിലയിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ രണ്ടാമത്തെ തവണയാണ് വിമാന ഇന്ധനവില വര്‍ധിക്കുന്നത്. വിമാന ഇന്ധനവില വര്‍ധിച്ച പശ്ചാത്തലത്തില്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിക്കുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
ജൂണ്‍ 16നാണ് ഇതിന് തൊട്ടുമുന്‍പ് വില വര്‍ധിപ്പിച്ചത്. അന്ന് 2.68 ശതമാനമാണ് വര്‍ധിപ്പിച്ചത്. മെയ് ഒന്നിന് 6.7 ശതമാനം വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് രണ്ടു തവണകളായി വില വര്‍ധിപ്പിച്ചത്. സംസ്ഥാനാടിസ്ഥാനത്തില്‍ വിലയില്‍ വ്യത്യാസമുണ്ടാകും. എക്‌സൈസ് നികുതിയില്‍ മൂല്യവര്‍ധിത നിരക്കായി 11 ശതമാനമാണ് വിമാന ഇന്ധനവിലയില്‍ ചുമത്തുന്നത്.