കേരളം
അഗ്നിപഥിൽ പ്രതിഷേധം വ്യാപിക്കുന്നു; കേരളത്തിലേയ്ക്കുളള ട്രെയിനുകള്‍ റദ്ദാക്കി
അഗ്നിപഥ് പ്രതിഷേധത്തേത്തുടര്‍ന്ന് കേരളത്തിലേയ്ക്കുളള രണ്ട് ട്രെയിനുകള്‍ കൂടി റദ്ദാക്കി. നാളെ പുറപ്പെടേണ്ട സെക്കന്തരാബാദ് – തിരുവനന്തപുരം സെന്‍ട്രല്‍ ശബരി എക്സ്പ്രസ് , 20 ന് പുറപ്പെടേണ്ട എറണാകുളം – പട്ന ബൈ വീക്കലി എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. ഇന്നലെ പുറപ്പെടേണ്ടിയിരുന്ന പട്ന – എറണാകുളം ബൈ വീക്ക് ലി സൂപ്പര്‍ ഫാസ്ററും, സെക്കന്തരാബാദ് – തിരുവനന്തപുരം ശബരിയും നേരത്തെ റദ്ദാക്കിയിരുന്നു.
അതിനിടെ, പ്രതിഷേധം തണുപ്പിക്കാന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. അഗ്നിപഥ് സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അര്‍ധസൈനിക വിഭാഗങ്ങളില്‍ പത്തുശതമാനം സംവരണം നല്‍കും. അസം റൈഫിള്‍സിലും പത്തുശതമാനം സംവരണം നല്‍കും. പ്രായപരിധിയില്‍ ഈ വര്‍ഷം അഞ്ചുവര്‍ഷത്തെ ഇളവും പ്രഖ്യാപിച്ചു. എന്നാല്‍ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം കൂടുതലിടങ്ങളിലേക്ക് വ്യാപിക്കുകയാണ്.
ബിഹാറില്‍ ട്രെയിന്‍ യാത്രക്കാരന്‍ മരിച്ചു. ലഖിസരായില്‍ തകര്‍ത്ത ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരനാണ് മരിച്ചത്. ഇതോടെ പ്രതിഷേധങ്ങളില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. പ്രതിഷേധങ്ങള്‍ക്കിടെ ബിഹാറില്‍ റയില്‍വേ സ്റ്റേഷന്‍ കൊള്ളയടിച്ചു. ടിക്കറ്റ് കൗണ്ടറില്‍നിന്ന് മൂന്നുലക്ഷം രൂപ കവര്‍ന്നു. വിവിധ വിദ്യാർഥി സംഘടനകൾ ഇന്ന് ബിഹാറിൽ ബന്ദ് നടത്തുകയാണ്. ആർ.ജെ.ഡി. ഉൾപ്പെടെയുള്ള പാർട്ടികൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.