കേരളം
നടി ആക്രമിക്കപ്പെട്ട കേസിൽ എല്ലാ വെളിപ്പെടുത്തലും അന്വേഷണ പരിധിയിൽ: എഡിജിപി ശ്രീജിത്ത്
നടിയെ ആക്രമിച്ച കേസിൽ കോടതി നിർദ്ദേശം അനുസരിച്ച് അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. കേസിൽ സത്യസന്ധമായ അന്വേഷണം നടത്തും. സംവിധായകന്റെയടക്കം വെളിപ്പെടുത്തലുകളെല്ലാം അന്വേഷണ പരിധിയിൽ വരുമെന്നും അന്വേഷണ മേൽന്നോട്ട ചുമതലയുള്ള ക്രൈംബ്രാഞ്ച് മേധാവി ശ്രീജിത്ത് വിശദീകരിച്ചു.
അതേ സമയം, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ബുധനാഴ്ച രേഖപ്പെടുത്തും. എറണാകുളം ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2 ആണ് ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തുക. ബാലചന്ദ്രകുമാറിന് കോടതി സമൻസ് അയച്ചു.
കേസ് അട്ടിമറിക്കാനും വിചാരണ തടസ്സപ്പെടുത്താനും നടൻ ദിലീപടക്കമുളളവർ ശ്രമിക്കുന്നതിന്‍റെ ശബ്ദ രേഖകളടക്കമാണ് സംവിധായകൻ ബാലചന്ദ്രകുമാർ അടുത്തയിടെ പുറത്തുവിട്ടത്. കേസിൽ നിർണായകമായേക്കുന്ന തെളിവുകളാണ് ഇതെന്നാണ് പ്രോസിക്യൂഷന്റെ കണക്കുകൂട്ടൽ. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ ഫോണിന്‍റെ മെമ്മറി കാർഡ് ഇതുവരെ അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല.
എന്നാൽ ഈ ആക്രമണ ദൃശ്യങ്ങൾ ദിലീപ് കണ്ടുവെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തുന്നു. ഇത് രണ്ടും തെളിയിക്കുന്ന ശബ്ദരേഖകളുമുണ്ട്. അതിന് ശേഷം ഇക്കാര്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ ദിലീപിനെ വിളിച്ചപ്പോൾ പാടില്ലെന്ന് പറഞ്ഞ് ദിലീപ് ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്ത് കാണാൻ വന്നുവെന്നും ഇതിന് തെളിവായി വാട്സാപ്പിൽ അയച്ച ഓഡിയോ മെസ്സേജും സംവിധായകൻ പുറത്തുവിട്ടിരുന്നു.