കേരളം
നടൻമാരായ ശ്രീനാഥ് ഭാസിക്കും ഷെയിനിനും വിലക്ക്
നടൻ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമയിൽ വിലക്ക്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ പറഞ്ഞു. താരസംഘടന ‘അമ്മ’കൂടി ഉൾപ്പെട്ട യോഗത്തിലാണ് തീരുമാനം.
മയക്കുമരുന്നിനടിമകളായ നടൻമാരുമായി സഹകരിക്കില്ലെന്നും രണ്ടു നടൻമാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും വാർത്താസമ്മേളനത്തിൽ നിർമ്മാതാവ് രഞ്ജിത്ത് പറഞ്ഞു. എല്ലാ സംഘടനകളും ചേർന്ന് ചർച്ച നടത്തിയത് സിനിമയുടെ നന്മക്കെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.
ലഹരി മരുന്നു പയോഗിക്കുന്ന നിരവധി പേരുണ്ട് സിനിമ മേഖലയിൽ. അത്തരക്കാരുമായി സഹകരിച്ച് പോകാനാവില്ല. ഈ രണ്ട് നടൻമാരുടെ കൂടെ അഭിനയിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും സഹിക്കാനാവാത്ത അവസ്ഥയാണെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.
മലയാള സിനിമയില്‍ ഏറെക്കാലമായി പുകഞ്ഞു നിന്ന ഒരു പ്രശ്നത്തിന്‍റെ ശരിക്കും പൊട്ടിത്തെറിയാണ് സിനിമ സംഘടനകള്‍ സംയുക്തമായി കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഉണ്ടായത്. ഫെഫ്ക, നിര്‍മ്മാതാക്കളുടെ സംഘടന, താര സംഘടന അമ്മ എന്നീ സംഘടനകള്‍ സംയുക്തമായാണ് വാര്‍ത്ത സമ്മേളം നടത്തിയത്. ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം എന്നിവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്ന് ഈ സംഘടനകള്‍ പരസ്യമായി പറയുന്നില്ല. പകരം അവരുമായി സഹകരണം ഇല്ലെന്നാണ് സിനിമ സംഘടനകള്‍ പറയുന്നു. അതായത് ഈ പ്രശ്നം പരിഹരിക്കുന്നതുവരെ വിലക്ക് തന്നെയാണ് പ്രത്യക്ഷത്തില്‍ എന്ന് വ്യക്തമാണ്.
കുറച്ച് ദിവസം മുന്‍പ് സിനിമയിലെ ടെക്നീഷ്യന്മാരുടെ സംഘടനയായ ഫെഫ്ക കൊച്ചിയില്‍ വാര്‍ത്ത സമ്മേളനം നടത്തുകയും മലയാള സിനിമയിലെ ചില താരങ്ങള്‍ സഹകരിക്കുന്നില്ലെന്നും, അത് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും. ഇത് ബാക്കി സിനിമ സംഘടനകളുമായി ചര്‍ച്ച ചെയ്യുമെന്ന് പരസ്യമായി പറഞ്ഞത്. എന്നാല്‍ ഏതൊക്കെ താരങ്ങള്‍ എന്നത് അന്ന് ഫെഫ്ക വ്യക്തമാക്കിയിരുന്നില്ല. അതിന് ശേഷമാണ് എല്ലാ സംഘടനകളും ചേര്‍ന്ന് ഇത്തരം ഒരു ചര്‍ച്ചയും തീരുമാനവും പറയുന്നത്.
രേഖമൂലം പരാതി കിട്ടിയവരുടെ പേരാണ് തങ്ങള്‍ പറയുന്നത് എന്ന് സംഘടനകള്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കുന്നു. കുറേ പരാതികള്‍ വേറെ ഉയരുന്നുണ്ടെന്നും നിര്‍മ്മാതാക്കളുടെ സംഘടന പ്രതിനിധി എം രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. മലയാള സിനിമ സെറ്റുകളിലെ മയക്കുമരുന്ന് ഉപയോഗവും വാര്‍ത്ത സമ്മേളനത്തില്‍ വിഷയമായി ഉയര്‍ന്നു. ഇത്തരക്കാരുടെ പേര് സര്‍ക്കാറിന് കൈമാറും എന്നാണ് സംഘടനകള്‍ പറഞ്ഞത്.
ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം ഇവര്‍ക്കെതിരെയുള്ള പരാതി ഇതാണ്
ശ്രീനാഥ് ഭാസി അമ്മ എന്ന താര സംഘടനയില്‍ അംഗം അല്ല. ശ്രീനാഥ് ഭാസി ഒരേ സമയം പല സിനിമകളില്‍ കരാര്‍ ഒപ്പിടുന്നു. ഇതില്‍ വ്യക്തത താരത്തിന് തന്നെയില്ല. ഇത് നിര്‍മ്മാതാക്കള്‍ക്ക് വലിയ പ്രശ്നമാണ് ഉണ്ടാക്കുന്നത്. അടുത്തിടെ ഒരു ചിത്രത്തിന് ലക്ഷങ്ങള്‍ ചിലവഴിച്ച് സെറ്റിട്ട ശേഷം, ചിത്രത്തില്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിട്ട ശ്രീനാഥ് ഭാസിയെ തിരഞ്ഞപ്പോള്‍ അദ്ദേഹം ലണ്ടനിലാണ് എന്ന മറുപടിയാണ് ലഭിച്ചത്. ഇത്തരത്തില്‍ നിരന്തരമായ പരാതികളാണ് ശ്രീനാഥ് ഭാസിക്കെതിരെ സിനിമ സംഘടനകള്‍ക്ക് ലഭിച്ചത്.
ഷെയിന്‍ നിഗത്തിന്‍റെ കാര്യത്തിലാണെങ്കില്‍ പ്രതിഫലത്തില്‍ അടക്കം നിര്‍മ്മാതാക്കളെ ബുദ്ധിമുട്ടിക്കുന്നുണ്ട് എന്നാണ് പരാതി പറയുന്നത്. അടുത്തിടെ ഒരു ഷൂട്ടിംഗ് ലോക്കേഷനില്‍ നിന്നും തന്‍റെ കഥാപാത്രത്തിന്‍റെ പ്രധാന്യം കുറയുന്നു എന്ന് ആരോപിച്ച് ഷെയിന്‍ ഇറങ്ങിപ്പോയത് വാര്‍ത്തയായിരുന്നു. കൃത്യമായി ലോക്കേഷനില്‍ എത്തുന്നില്ല എന്നത് അടക്കം ഷെയിനെതിരെയും പരാതി ഉയര്‍ത്തുന്നുണ്ട്.