കേരളം
സർക്കാർ ജീവനക്കാർ പ്രതിഫലം വാങ്ങി സ്വകാര്യ സ്ഥാപങ്ങളിൽ പഠിപ്പിക്കാൻ പോയാൽ നടപടി
സംസ്ഥാന സർക്കാർ ജീവക്കാർ ഒഴിവ് സമയങ്ങളിൽ ട്യൂഷനെടുക്കുന്നതും കോച്ചിങ് സെൻറർ നടത്തുന്നതും വിലക്കി സർവീസ് റൂൾ ഭേദഗതിപ്പെടുത്തി. സർക്കാർ ജീവനക്കാർ ട്യൂഷൻ സെന്ററുകളും കോച്ചിംഗ് സെന്ററുകളും നടത്തുന്നതായി ലഭിച്ച പരാതിയെ തുടർന്നാണ് തീരുമാനം. ഇനിമുതൽ ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വകുപ്പുതല അന്വേഷണത്തിന് ശേഷമായിരിക്കും നപടി എടുക്കുക.
ഇതേ കാര്യം ചൂണ്ടിക്കാട്ടി 2020-ലും ഭരണപരിഷ്ക്കാര വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഈ സർക്കുലറിന് നിയമപരമായ അംഗീകാരം നൽകുന്നതിനാണ് ഇപ്പോൾ വീണ്ടും. നിശ്ചിത പ്രതിഫലം വാങ്ങി സർക്കാർ ജീവനക്കാർ സ്വകാര്യ ട്യൂഷൻ ക്ലാസുകളെടുക്കുന്നതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്ക് നിരവധി പരാതികളും ലഭിച്ചിരുന്നു.
ഇത് സംബന്ധിച്ച് സംസ്ഥാനത്ത് പലയിടങ്ങളിലും പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടന്നത്. അധ്യാപകരും കെഎസ്ആർടിസി കണ്ടക്ടർമാരും ട്യൂഷനെടുക്കുന്നതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു.