കേരളം
അന്താരാഷ്ട്ര തലത്തില്‍ സുവർണ്ണ നേട്ടം പേരിൽ കുറിച്ച് കേരള ടൂറിസം
വീണ്ടും അന്താരാഷ്ട്ര തലത്തില്‍ തിളക്കമുള്ള നേട്ടം സ്വന്തമാക്കി കേരള ടൂറിസം. 2023 ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡാണ് കേരള ടൂറിസത്തിന് ലഭിച്ചത്. ഉത്തവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ പദ്ധതികൾ ആണ് അവാർഡിന് അർഹമാക്കിയത്. ടൂറിസം മേഖലയിൽ പ്രാദേശിക കരകൗശല ഉത്പന്നങ്ങളും തനത് ഭക്ഷണവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്കാണ് അവാർഡ്. എത്നിക്ക് ക്യൂസീൻ , എക്സ്പീരിയൻഷ്യൽ ടൂറിസം പാക്കേജ് എന്നിവയിലൂടെ വൈവിധ്യമാർന്ന പദ്ധതികൾ ആവിഷ്കരിക്കാൻ മിഷന് സാധിച്ചിരുന്നു.
റെസ്പോൺസിബിൾ ടൂറിസം ഗ്ലോബൽ അവാർഡ് കേരളത്തിന് ലഭിക്കുന്നത് തുടർച്ചയായ രണ്ടാം വർഷമാണ്. ഉത്തരവാദിത്ത ടൂറിസത്തിലെ കേരളീയ മാതൃകയ്ക്കുള്ള അംഗീകാരമാണ് ഇതെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അന്തർദേശീയ തലത്തിൽ കേരളത്തിന്‍റെ ഖ്യാതി ഉയർത്തുന്ന നേട്ടമാണിത്. കൂടുതൽ അനുഭവേദ്യ ടൂറിസം പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഉത്തരവാദിത്ത ടൂറിസം മിഷന് ഈ വർഷം ലഭിക്കുന്ന മൂന്നാമത്തെ അവാർഡാണ് ഇത്.
അതേസമയം, ടൂറിസം വകുപ്പിന്‍റെ റെസ്റ്റ് ഹൗസുകൾ വികസിപ്പിക്കുന്ന പദ്ധതി രണ്ട് വർഷം ആകുമ്പോൾ ഒറ്റക്കെട്ടായ പ്രവർത്തനത്തിലൂടെ വൻ വിജയമായി മാറുകയാണ്. രണ്ടു വർഷത്തിനിടെ പത്തുകോടിയിൽ അധികം രൂപയാണ് റസ്റ്റ് ഹൗസുകളിൽ നിന്നുണ്ടായ വരുമാനം. സംസ്ഥാന ടൂറിസം മേഖലയ്ക്ക് ഉൾപ്പെടെ ഇത് വലിയ ഊർജ്ജം പകർന്നു.
എട്ടു റസ്റ്റ് ഹൗസുകൾ നവീകരിക്കാൻ 20 കോടി രൂപ ഇതിനകം അനുവദിച്ചതായി മന്ത്രി റിയാസ് പറഞ്ഞു. ഫോർട്ടുകൊച്ചിയിലെ കൂടാതെ തിരുവനന്തപുരം ജില്ലയിലെ പൊൻമുടി, പാലക്കാട്ടെ തൃത്താല, വയനാട്ടിലെ മേപ്പാടി, കണ്ണൂരിലെ മട്ടന്നൂർ റസ്റ്റ് ഹൗസുകൾ കൂടി നവീകരിക്കും. പുറമെ എല്ലാ റസ്റ്റ് ഹൗസുകളും ഘട്ടംഘട്ടമായി വികസിപ്പിച്ച് നിലവാരം കൂട്ടും. വിനോദ സഞ്ചാര മേഖലയ്ക്ക് പരസ്‌പര പൂരകമാമാകും വിധമാണ് റസ്റ്റ് ഹൗസ് നവീകരണം ഉദ്ദേശിക്കുന്നത്.