കേരളം
മലപ്പുറത്ത് വിവാഹ നിശ്ചയം നടക്കേണ്ട ദിവസം യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
വിവാഹ നിശ്ചയം നടക്കേണ്ട ദിവസം യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടപ്പാളിലാണ് സംഭവം. വട്ടംകുളം സ്വദേശി കുറ്റിപ്പാല കുഴിയിൽ അനീഷ് (38) ആണ് മരിച്ചത്.
വീടിന് സമീപത്തെ മരത്തിൽ ഇന്ന് രാവിലെ ആണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്ന് ആണ് അനീഷിന്റെ വിവാഹ നിശ്ചയം നടക്കേണ്ടിയിരുന്നത്. ചങ്ങരംകുളം പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു.
ഇന്ന് വിവാഹ നിശ്ചയമായതിനാൽ എല്ലാ ഒരുക്കങ്ങളും നടത്തുന്ന തെരക്കിലായിരുന്നു അനീഷ്. പുലർച്ചെ 2 മണിക്ക് കോഴിക്കടയിൽ പോയി കോഴി വാങ്ങി ഇന്ന് പുലർച്ചെ 3 മണിയോടെയാണ് അനീഷ് ഉറങ്ങാൻ കിടക്കുന്നത്. ഇന്ന് രാവിലെ ഇറക്കമുണർന്ന വീട്ടുകാർ അനീഷിനെ അന്വേഷിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ഓട്ടോ തൊഴിലാളിയായ അനീഷിന് പറയത്തക്ക സാമ്പത്തിക ബുദ്ധിമുട്ടുകളോ ബാധ്യതകളോ ഇല്ല. എന്താണ് അനീഷിനെ മരണത്തിലേക്ക് നയിച്ചതെന്ന കാരണം തിരയുകയാണ് പൊലീസ്.