കേരളം
അരൂർ – ചേർത്തല ദേശീയപാത വിവാദം; തനിക്ക് വീഴ്ച പറ്റിയെങ്കില്‍ പാര്‍ട്ടിക്ക് പരിശോധിക്കാമെന്ന് ആരിഫ്
അരൂർ – ചേർത്തല ദേശീയപാതയുടെ ശോച്യാവസ്ഥ പിഡബ്ല്യുഡി വിജിലന്‍സ് അന്വേഷിച്ചത് അറിഞ്ഞിരുന്നില്ലെന്ന് എ എം ആരിഫ്. റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണം എന്നത് മാത്രമാണ് തൻ്റെ ആവശ്യം. നാട്ടുകാരുടെ കാര്യമാണ് താൻ പരാതിയായി ഉന്നയിച്ചത്. പാർട്ടി സെക്രട്ടറിയോട് ഇക്കാര്യം സംസാരിച്ചിരുന്നു. തൻ്റെ ഭാഗത്ത് തെറ്റ് സംഭവിച്ചെങ്കിൽ പരിശോധിക്കാൻ പാർട്ടിക്ക് അധികാരമുണ്ടെന്നും എ എം ആരിഫ് പറഞ്ഞു.
പാർട്ടിയോട് ആലോചിക്കാതെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട ആരിഫിന്‍റെ നടപടിയിൽ വീഴ്ചയുണ്ടോയെന്ന് സിപിഎം നേതൃത്വം പരിശോധിക്കുമെന്നായിരുന്നു സജി ചെറിയാൻ പറഞ്ഞത്. ജി സുധാകരൻ മന്ത്രിയായിരിക്കെ ആരിഫ് തന്നെ നൽകിയ പരാതിയിൽ റോഡ് നിർമാണത്തെക്കുറിച്ച് വകുപ്പുതല അന്വേഷണം നടന്നിരുന്നു. ഇനിയൊരു വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്നും സജി ചെറിയാൻ വ്യക്തമാക്കി.
അതേസമയം, ഫണ്ട് കുറഞ്ഞതിനാൽ റോഡ് നിർമ്മാണത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നുവെന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ വിചിത്ര റിപ്പോർട്ടിൽ, കൂടുതൽ വകുപ്പുതല പരിശോധന ഉണ്ടാകും. നിർമ്മാണം പൂർത്തിയാക്കി ചുരുങ്ങിയ കാലത്തിനുള്ളിൽ റോഡ് തകർന്നതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികൾ.