കേരളം
വഹാബ് പക്ഷത്തിന് തിരിച്ചടി; റാലിയിൽ ഐഎൻഎലിന്റെ പേരും പതാകയും ചിഹ്നങ്ങളും വിലക്കി
ഇന്ത്യൻ നാഷണൽ ലേബർ ആന്റ് വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റാലിയിൽ ഐഎൻഎലിന്റെ പേരും പതാകയും ചിഹ്നങ്ങളും ഉപയോഗിക്കുന്നതിന് വിലക്ക്. കോഴിക്കോട് മൂന്നാം അഡീഷണൽ സബ് കോടതിയുടേതാണ് ഉത്തരവ്.
റാലിയിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന എ പി അബ്ദുൾ വഹാബ്, നാസർ കോയ തങ്ങൾ എന്നിവരുടെ അപേക്ഷയും കോടതി തള്ളി. റാലിയിൽ ഐഎൻഎലിന്റെ ചിഹ്നങ്ങൾ ഉപയോഗിക്കുന്നതിന് എതിരെ ദേശീയ നേതൃത്വമാണ് കോടതിയെ സമീപിച്ചത്. ഈ മാസം 26 ന് കോഴിക്കോട് കടപ്പുറത്ത് വച്ചാണ് സെക്കുലർ റാലി നടത്താൻ തീരുമാനിച്ചിരുന്നത്.
സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടതായി കഴിഞ്ഞ വർഷം ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാൻ പ്രഖ്യാപിച്ചിരുന്നു. തീരുമാനം തള്ളി വഹാബ് വിഭാഗം മുന്നോട്ട് പോയി. പുതിയ സംസ്ഥാന കമ്മിറ്റിയും രൂപീകരിച്ചു. തുടർന്ന് വഹാബ് വിഭാഗം പാർട്ടിയുടെ പേരും പാതകയും ഉപയോഗിക്കരുത് എന്നാവശ്യപ്പെട്ട് എതിർ വിഭാഗം കോടതിയെ സമീപിക്കുകയായിരുന്നു.
ഇതിൽ അബ്ദുൽ വഹാബിനും നാസർ കോയ തങ്ങൾക്കും എതിരെ കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.