കേരളം
പാലക്കാട് പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങി 63കാരിക്ക് ദാരുണാന്ത്യം, മൃതദേഹം കണ്ടെത്തിയത് സ്വന്തം തോട്ടത്തിൽ
പാലക്കാട് വണ്ടാഴിയില്‍ പന്നിക്കുവെച്ച വൈദ്യുതി കെണിയില്‍ കുടുങ്ങി വയോധിക മരിച്ചു. വണ്ടാഴി കരൂര്‍ പുത്തന്‍പുരയ്ക്കല്‍ ഗ്രെയ്സി (63) ആണ് മരിച്ചത്. ഇന്ന് രാവിലെ സ്വന്തം കപ്പത്തോട്ടത്തില്‍ മരിച്ച നിലയില്‍ ഗ്രെയ്സിയെ കണ്ടെത്തുകയായിരുന്നു. ഒറ്റക്ക് താമസിക്കുന്ന ഗ്രെയ്സി സ്വന്തം കൃഷിയിടത്തില്‍ പന്നിയെ പിടികൂടുന്നതിനായി കെണിവെച്ചപ്പോള്‍ അബദ്ധത്തില്‍ വൈദ്യുതാഘാതമേറ്റതാണെന്നാണ് പ്രാഥമിക വിവരം. വീടിനോടു ചേര്‍ന്നുള്ള കൃഷിയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ മീന്‍ വില്‍ക്കാനെത്തിയ ആളാണ് മൃതദേഹം കണ്ടത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പ് പാലക്കാട് കരിങ്കരപുള്ളിയില്‍ രണ്ട് യുവാക്കള്‍ പന്നിക്കുവെച്ച വൈദ്യുതി കെണിയില്‍പെട്ട് മരിച്ചിരുന്നു. ഷിജിത്ത്, സതീഷ് എന്നീ യുവാക്കളാണ് മരിച്ചത്. പൊലീസില്‍നിന്ന് രക്ഷപ്പെടാന്‍ ഓടുന്നതിനിടെയാണ് യുവാക്കള്‍ വൈദ്യുതി കെണിയില്‍ കുടുങ്ങിയത്. സ്ഥലമുടമ അനന്തൻ പന്നിക്ക് വെച്ച കെണിയിൽ പെട്ടാണ് യുവാക്കൾ മരിച്ചത്. തെളിവ് നശിപ്പിക്കാൻ വേണ്ടി ഇയാള്‍ യുവാക്കളുടെ വയര്‍ കീറിയശേഷം മൃതദേഹങ്ങള്‍ വയലില്‍ കുഴിച്ചിടുകയായിരുന്നു. പന്നിക്ക് കെണി വയ്ക്കാൻ വീട്ടിലെ മോട്ടോർ ഷെഡിൽ നിന്നാണ് അനന്തൻ വൈദ്യുതി എടുത്തത്. ഏകദേശം 200 മീറ്റർ വൈദ്യുതി കമ്പി വലിച്ച് കെണിവച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാലക്കാട് ജില്ലയില്‍ പന്നികളെ പിടികൂടുന്നതിനായി വെക്കുന്ന വൈദ്യുതി കെണിയില്‍പെട്ടുള്ള അപകടങ്ങള്‍ വര്‍ധിക്കുകയാണ്. ഇതില്‍ ഏറ്റവും ഒടുവിലായാണിപ്പോള്‍ വയോധികയുടെ മരണം.