ദേശീയം
രാജ്യത്ത് അജ്ഞാത പനി പടരുന്നു; ഉത്തര്‍പ്രദേശില്‍ ആറുപേര്‍ മരിച്ചു
ഉത്തര്‍പ്രദേശില്‍ അജ്ഞാത പനിയെ തുടര്‍ന്ന് അഞ്ചു കുട്ടികള്‍ അടക്കം ആറുപേര്‍ മരിച്ചതായി റിപ്പോർട്ട്. നിരവധിപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. മഥുരയില്‍ കഴിഞ്ഞാഴ്ചയാണ് നിരവധിപ്പേര്‍ക്ക് കൂട്ടത്തോടെ അജ്ഞാത രോഗം പിടിപെട്ടത്. 1,9,6, 2 വയസുള്ള കുട്ടികള്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടികള്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിങ്കളാഴ്ച മരിക്കുകയായിരുന്നു. മഥുര, ആഗ്ര അടക്കം വിവിധ ആശുപത്രികളില്‍ 80 ഓളം പേരാണ് ചികിത്സയിലിരിക്കുന്നത്.
കൂട്ടത്തോടെ രോഗം ബാധിച്ച സ്ഥലത്ത് നിന്ന് രോഗികളുടെ സാമ്പിളുകള്‍ ശേഖരിച്ചതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ സംഘമാണ് ഗ്രാമം സന്ദര്‍ശിച്ചത്. മലേറിയ, കോവിഡ്, ഡെങ്കിപ്പനി എന്നി രോഗങ്ങളാണോ ബാധിച്ചത് എന്ന് തിരിച്ചറിയുന്നതിനാണ് സാമ്പിള്‍ ശേഖരിച്ചതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മരണകാരണം വ്യക്തമല്ല. ഡെങ്കിപ്പനിയാകാനാണ് സാധ്യത കൂടുതല്‍. രക്തത്തില്‍ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറഞ്ഞത് ഇതിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതായും ഡോക്ടര്‍മാര്‍ പറയുന്നു.