കേരളം
ആധാരമെഴുത്തുകാര്‍ക്ക് 3000 രൂപ ഉല്‍സവ ബത്ത; ക്ഷേമനിധി അംഗങ്ങള്‍ക്ക് ഓണത്തിന് 5000 രൂപ ലഭിക്കും
സംസ്ഥാനത്തെ ആധാരമെഴുത്തുകാരുടെയും പകര്‍പ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടര്‍മാരുടെയും ഉല്‍സവ ബത്ത ആയിരം രൂപ വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം 2000 രൂപയായിരുന്ന ബത്തയിലാണ് വര്‍ദ്ധന വരുത്തിയത്. ക്ഷേമനിധിയിലെ സജീവമായ ആറായിരം അംഗങ്ങള്‍ക്ക് പുതുക്കിയ ഉല്‍സവ ബത്ത ലഭിക്കും.
ഇതിനു പുറമെ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് 2000 രൂപ പ്രത്യേക ധനസഹായമായി നല്‍കും. ജൂലൈ മാസത്തില്‍ നല്‍കിയ പ്രത്യേക ധന സഹായത്തിനു പുറമെയാണിത്. ഓണക്കാല അവധികള്‍ ആരംഭിക്കുന്നതിനു മുമ്പായി ഉല്‍സവ ബത്തയുടെയും അധിക ധനസഹായത്തിന്റെയും വിതരണം പൂര്‍ത്തിയാക്കാന്‍ രജിസ്‌ട്രേഷന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അതേസമയം സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെന്‍ഷനോ വെല്‍ഫയര്‍ ഫണ്ട് പെന്‍ഷനോ ലഭിക്കാത്തവര്‍ക്കുള്ള സാമ്പത്തിക സഹായത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക കൈത്താങ്ങ് സഹകരണ സംഘങ്ങള്‍ വഴി ഓണത്തിനു മുമ്പായി വിതരണം നടത്തുന്നതിനുള്ള പ്രത്യേക നിര്‍ദേശം സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നല്‍കി.
സംസ്ഥാനത്ത് 14,78,236 കൂടുംബങ്ങള്‍ക്കാണ് സഹായം ലഭിക്കുന്നത്. ബിപില്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും അന്ത്യോദയ അന്നയോജന പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കുമാണ് ആയിരം രൂപ സഹായം ലഭിക്കുന്നത്. ഇതിനായി 147,82,36,000 രൂപ വകയിരുത്തി. ഗുണഭോക്താക്കളുടെ പട്ടിക ജില്ലാ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനം തിരിച്ച് ജോയിന്റ് രജിസ്ട്രാര്‍മാര്‍ക്ക് അടിയന്തരമായി ലഭ്യമാക്കും. ഗുണഭോക്താവിന് ആധാര്‍ കാര്‍ഡോ, മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖകളോ ഹാജരാക്കി സഹായം കൈപ്പറ്റാം.