കേരളം
ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി
മുണ്ടക്കൈ ഉരുൾപൊട്ടലിൽ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രദേശത്തെ രണ്ട് സ്കൂളുകൾ തകർന്നു. ഇക്കാര്യങ്ങൾ ഇന്ന് മുഖ്യമന്ത്രിയുമായി ഇന്ന് ചർച്ച നടത്തും. പഠനത്തിനുള്ള ബദൽ ക്രമീകരണങ്ങൾ മന്ത്രിതല ഉപസമിതിയുമായി ചർച്ച ചെയ്ത ശേഷമെന്നും മന്ത്രി അറിയിച്ചു. പാഠ പുസ്തകങ്ങൾ, സർട്ടിഫിക്കറ്റ് എന്നിവ നഷ്ടമായവർക്ക് വീണ്ടും നൽകുമെന്നും മന്ത്രി പറഞ്ഞു.
തുടര്‍ന്നുള്ള രക്ഷാദൗത്യത്തിന്‍റെയും പുനരധിവാസ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി നാലംഗ മന്ത്രിസഭാ സമിതിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. ദുരന്തമേഖലകളില്‍ പെട്ട വിദ്യാര്‍ഥികളുടെ പഠനത്തിന് തടസമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.
1700ഓളം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. ഇന്നലെ നടത്തിയ തെരച്ചിലിൽ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് ദുരന്ത മേഖലയിൽ തെരച്ചിൽ കൂടുതൽ ഊർജിതമാക്കും. ആറ് സോണുകളായി തിരിച്ചാണ് പരിശോധന. ബെയ്‍ലി പാലത്തിലൂടെ യന്ത്രങ്ങളും ആംബുലൻസുകളും എത്തിക്കും. ചാലിയാർ പുഴയുടെ 40 കിലോമീറ്റർ പരിധിയിലും തെരച്ചിൽ നടക്കും.
മുണ്ടക്കൈ, ചൂരൽമല മേഖലയിൽ 40 ടീമുകൾ തെരച്ചിൽ നടത്തും. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. സൈന്യം, എൻഡിആർഎഫ്, ഡി എസ്ജി, കോസ്റ്റ് ഗാർഡ്, നേവി, എംഇജി ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് തെരച്ചിൽ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും.