കേരളം
‘ആ ടി ഷര്‍ട്ടിന് 35,000 രൂപയില്ല’; ബില്‍ പുറത്തുവിട്ട് ഫിറോസ് കുന്നംപറമ്പില്‍
ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. ഇക്കഴിഞ്ഞയിടെ ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നപ്പോള്‍ ഫിറോസ് ധരിച്ച ടി ഷര്‍ട്ടിന്റെ വില 35,000 രൂപയാണെന്നായിരുന്നു ആരോപണം. അടിസ്ഥാനരഹിതമാണ് ആരോപണമെന്ന് ബില്‍ പുറത്തുവിട്ട് ഫിറോസ് ഫെയ്‌സ്ബുക്ക് ലൈവില്‍ വ്യക്തമാക്കി. ദുബായ് ബുര്‍ജമാനിലെ ഗ്രാന്‍ഡ് ഔട്ട്‌ലെറ്റ് ഗാര്‍മെന്റ്‌സ് ആന്‍ഡ് ഷൂ, ട്രേഡിംഗില്‍ നിന്നാണ് ടി ഷര്‍ട്ട് വാങ്ങിയതെന്ന് ഫിറോസ് പറഞ്ഞു.
യുഎഇ ദിര്‍ഹം 30 ആണ് ഒന്നിന്റെ വില. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഇത് 609 രൂപയാണ്. മറ്റ് സാധനങ്ങള്‍ ഉള്‍പ്പെടെ 170 ദിര്‍ഹമാണ് ആയതെന്നും ഫിറോസ് പറയുന്നു. അത് ഇന്ത്യന്‍ പണത്തിലേക്ക് മാറ്റുമ്പോള്‍ 3451 രൂപയുമാണ്.
മുപ്പത്തയ്യായിരം എന്നത് കള്ളക്കഥയാണെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. ടി ഷര്‍ട്ടില്‍ ഫിറോസ് പ്രത്യക്ഷപ്പെട്ട ലൈവിന് പിന്നാലെ റഫീഖ് തറയില്‍ എന്നയാള്‍ നടത്തിയ കമന്റാണ് ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് കാരണമായത്.
പ്രമുഖ ലക്ഷ്വറി ബ്രാന്‍ഡായ ഫെന്‍ഡിയുടെ ടി ഷര്‍ട്ടാണ് ഫിറോസ് ധരിച്ചിരിക്കുന്നതെന്നും ഇതിന് 500 യുഎസ് ഡോളര്‍ വില വരുമെന്നുമാണ് റഫീഖ് ആരോപിച്ചത്. ഇതിന്റെമേല്‍ സമൂഹ മാധ്യമങ്ങളില്‍ ഫിറോസിനെ എതിര്‍ത്തും അനുകൂലിച്ചും ശക്തമായ വാദപ്രതിവാദങ്ങള്‍ നടന്നു. ഇതോടെയാണ് മറുപടിയുമായി ഫിറോസ് ലൈവിലെത്തിയത്.