കേരളം
കള്ളു വ്യവസായികളുടെ 3 കോടി കുടിശിക എഴുതിത്തള്ളൽ: ബോർഡും അംഗീകരിച്ചു
തൊഴിലാളികളുടെ ക്ഷേമനിധി വിഹിതമടയ്ക്കാതെ കള്ളു വ്യവസായികൾ വരുത്തിയ 3 കോടി രൂപയുടെ കുടിശിക എഴുതിത്തള്ളിയ സർക്കാർ ഉത്തരവ് കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗീകരിച്ചു.
എഐടിയുസി, ഐഎൻടിയുസി പ്രതിനിധികളുടെയും തൊഴിലുടമകളുടെ 3 പ്രതിനിധികളുടെയും വിയോജനക്കുറിപ്പോടെയാണ്, ഇന്നലെ ഓൺലൈനായി ചേർന്ന യോഗം സർക്കാർ തീരുമാനം അംഗീകരിച്ചത്. ബോർഡിന്റെ ചരിത്രത്തിൽ ആദ്യമായാണു കള്ള് വ്യവസായികളുടെ മുതൽ കുടിശിക എഴുതിത്തള്ളുന്നത്.
തൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ടി രൂപീകരിച്ച ബോർഡ്, തൊഴിലാളികൾക്കു ലഭിക്കേണ്ട തുക എഴുതിത്തള്ളി മുതലാളിമാരെ സഹായിക്കുന്നു എന്നാരോപിച്ചാണ് എഐടിയുസി, ഐഎൻടിയുസി പ്രതിനിധികൾ വിയോജിപ്പ് രേഖപ്പെടുത്തിയത്.
കുടിശിക വരുത്തിയവർക്ക് ആസ്തിയുണ്ടെന്നിരിക്കെ മുതൽ ഉൾപ്പെടെ എഴുതിത്തള്ളുന്നതു ചട്ടവിരുദ്ധമാണെന്നും ഇവർ ചൂണ്ടിക്കാട്ടി. എഐടിയുസിയുടെ കെ.എൻ. ഗോപി, ടി.എൻ. രമേശൻ, ഐഎൻടിയുസിയുടെ എൻ. അഴകേശൻ, കെ.കെ. പ്രകാശൻ എന്നിവരാണ് എതിർപ്പറിയിച്ചത്.
7 തൊഴിലുടമ പ്രതിനിധികളിൽ 3 പേരും ഈ നിലപാടെടുത്തു. എന്നാൽ 21 അംഗ ബോർഡിൽ സിഐടിയു, സർക്കാർ പ്രതിനിധികൾ സർക്കാർ തീരുമാനത്തിന് അനുകൂലമായി നിന്നു. കള്ളു വ്യവസായത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറിയും സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗവുമായ എം.സുരേന്ദ്രനാണു ബോർഡ് ചെയർമാൻ.
തലശ്ശേരി മേഖലയിലെ രാഷ്ട്രീയ സംഘർഷം മൂലം 1991–2001 കാലത്ത് കള്ള് വ്യവസായം നഷ്ടത്തിലായെന്നു കാണിച്ചു തലശ്ശേരി റേഞ്ച് കള്ള് ഷാപ്പ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിലാണു നടപടി.