കേരളം
നിപ; 24 സാമ്പിളുകള്‍കൂടി നെഗറ്റീവ്; ഒന്‍പതുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടുവെന്ന് വീണാ ജോര്‍ജ്
നിപ പരിശോധനയ്ക്ക് അയച്ച 24 സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തുടര്‍ച്ചയായ അഞ്ചാം ദിവസവും പോസിറ്റീവ് കേസുകളില്ലെന്നും മൂന്ന് പരിശോധാന ഫലം കൂടി വരാനുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു.
ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ഓക്സിജന്‍ സപ്പോര്‍ട്ടും മാറ്റിയതായും മന്ത്രി അറിയിച്ചു.ആദ്യ ഇന്‍ക്യുബേഷന്‍ പീരീഡ് പൂര്‍ത്തിയാക്കിയവരെ ഒഴിവാക്കിയ ശേഷം സമ്പര്‍ക്കപ്പട്ടികയിലുള്ള 980 പേരാണ് ഐസൊലേഷനിലുള്ളത്. 11 പേര്‍ മെഡിക്കല്‍ കോളേജിലെ ഐസോലഷനിലുണ്ട്.
ആരോഗ്യ വകുപ്പിന്റെ ജില്ലാ സര്‍വലന്‍സ് ടീം തുടക്കത്തില്‍ തന്നെ നിപ വൈറസ് കണ്ടുപിടിക്കുന്നതിന് കൃത്യമായ ഇടപെടലുകള്‍ നടത്തി. തുടര്‍ന്ന് ടീം സ്വീകരിച്ച നടപടികളാണ് രോഗ വ്യാപനത്തെ ഫലപ്രദമായി തടയുന്നതിന് സഹായിച്ചത്. ഔട്ട് ബ്രേക്ക് സമയത്ത് തന്നെ ആദ്യ കേസ് കണ്ടുപിടിക്കാന്‍ സാധിച്ചത് ആദ്യമായിട്ടാണ്. രണ്ടാമത് മരണമടഞ്ഞയാളുടെ മൃതദേഹം വിട്ടുകൊടുക്കാതെ നിപ പരിശോധന നടത്തിയതാണ് രോഗം കണ്ടുപിടിക്കാനും വേഗത്തില്‍ പ്രതിരോധമൊരുക്കാനും സാധിച്ചതെന്ന് മന്ത്രി പറഞ്ഞു.