ദേശീയം
22 ലക്ഷം ദീപങ്ങള്‍, പുതിയ റെക്കോര്‍ഡ്; ദീപാവലി ആഘോഷമാക്കി അയോധ്യ
ദീപാവലി ആഘോഷങ്ങള്‍ ഗംഭീരമാക്കി അയോധ്യ. മണ്‍ചെരാതുകളില്‍ 22 ലക്ഷം ദീപങ്ങള്‍ തെളിയിച്ച് ലോക റെക്കോര്‍ഡിട്ടാണ് അയോധ്യ ദീപങ്ങളുടെ ഉത്സവം വിപുലമാക്കിയത്. നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന രാമക്ഷേത്രവും ദീപങ്ങളാല്‍ അലങ്കരിച്ചു. 51 ഘട്ടങ്ങളിലായാണ് 22.23 ലക്ഷം ദീപങ്ങള്‍ ഒരേസമയം കത്തിച്ചത്. ഇതോടെ സ്വന്തം റെക്കോര്‍ഡ് തകര്‍ക്കാന്‍ അയോധ്യയ്ക്ക് കഴിഞ്ഞു.
ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുള്‍പ്പെട്ട ചടങ്ങിലാണ് ലോക റെക്കോര്‍ഡ് പ്രഖ്യാപിച്ചത്. 50 രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളും ചടങ്ങിനെത്തി. ദീപോത്സവത്തോട് അനുബന്ധിച്ച് സാംസ്‌കാരിക പരിപാടികളും സര്‍ക്കാര്‍ സംഘടിപ്പിച്ചു.
അയോധ്യയിലെ ദീപോത്സവത്തിന്റെ ഏഴാം പതിപ്പാണിത്. 2017ല്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരിച്ചതോടെയാണ് അയോധ്യയില്‍ ദീപോത്സവം ആഘോഷങ്ങള്‍ ആരംഭിച്ചത്. ആ വര്‍ഷം ഏകദേശം 51,000 ദീപങ്ങള്‍ കത്തിച്ചു. 2019ല്‍ ദീപങ്ങളുടെ എണ്ണം 4.10 ലക്ഷമായി ഉയര്‍ന്നു. 2020ല്‍ ഇത് ആറ് ലക്ഷത്തിലധികവും 2021ല്‍ ഒന്‍പത് ലക്ഷത്തിലേറെയും ദീപങ്ങള്‍ കത്തിച്ചു. 2023ല്‍ 15 ലക്ഷം ദീപങ്ങള്‍ കത്തിച്ചാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്.