ഇലക്ഷൻ 2024
16 മുതൽ 18 സീറ്റുകളിൽ വരെ പ്രതീക്ഷ; UDF അവലോകന യോഗം മെയ് നാലിന്
അന്തിമ പോളിങ് ശതമാനക്കണക്ക് കൂടി പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് അവലോകനങ്ങളിലേക്ക് കോൺഗ്രസും യു.ഡി.ഫും കടക്കുന്നു. പ്രചാരണായുധങ്ങൾ ലക്ഷ്യം കണ്ടെന്ന പ്രാഥമിക വിലയിരുത്തലാണ് യു.ഡി.എഫ് ക്യാമ്പ്. കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് അവലോകന യോഗം നാലിന് ഇന്ദിരഭവനിൽ ചേരും.
സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപൽ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ്, കെ.പി.സി.സി പ്രസിഡന്‍റ്, മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാർഥികള്‍ എന്നിവരടക്കം പങ്കെടുക്കും. മണ്ഡലാടിസ്ഥാനത്തിലുള്ള വിലയിരുത്തലുകൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. സമഗ്ര അവലോകനമാണ് നാലിന് നടക്കുക.
സീറ്റെണ്ണത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നേതാക്കളിൽ നിന്നുയരുന്നുണ്ടെങ്കിലും 16 മുതൽ 18 വരെയെന്നതാണ് പൊതുപ്രതീക്ഷ. എന്തുവന്നാലും 16ൽ കുറയില്ല. തിരുവനന്തപുരം, ആറ്റിങ്ങൽ, ആലത്തൂർ, പാലക്കാട്, വടകര മണ്ഡലങ്ങളിൽ കടുത്ത മത്സരം നടന്നെന്ന് യു.ഡി.എഫ് സമ്മതിക്കുന്നു.
അതേസമയം, ന്യൂനപക്ഷ വോട്ടും തൃശൂർ പൂര അനുബന്ധ സംഭവങ്ങളും മുതൽ ഇ.പി. ജയരാജൻ വിവാദവും പോളിങ്ങിലെ കുറവും വരെ തങ്ങൾക്ക് അനുകൂലമായി എന്നാണ് നേതാക്കളുടെ പക്ഷം. ഇ.പി-ജാവ്ദേക്കർ കൂടിക്കാഴ്ച വലിയ രാഷ്ട്രീയ സ്ഫോടനമായി മാറിയ വോട്ടുദിനത്തിൽ മനംമടുത്ത പാർട്ടി വോട്ടുകളാണ് പോളിങ് ബൂത്തിലേക്കെത്താഞ്ഞതെന്ന് കോൺഗ്രസ് വിലയിരുത്തുന്നു.
ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണമാണ് യു.ഡി.എഫ് ക്യാമ്പിന് ആത്മവിശ്വാസം പകരുന്ന മറ്റൊരു ഘടകം. മുസ്ലിം, ലത്തീൻ ന്യൂനപക്ഷ വിഭാഗങ്ങളും ദലിത് പിന്നാക്ക വിഭാഗങ്ങളും ഇക്കൂട്ടത്തിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
‘ന്യൂനപക്ഷ വിഭാഗങ്ങൾ അഞ്ച് സെന്‍റിമീറ്റർ അടുത്താൽ യു.ഡി.എഫ് 50 സെന്‍റിമീറ്റർ വിജയത്തിലേക്കടുത്തു’ എന്നാണ് ഒരു നേതാവ് പ്രതികരിച്ചത്. ഇടതിനും വലതിനുമായി ചിതറി നിന്നിരുന്ന ന്യൂനപക്ഷ വോട്ടുകൾ, ദേശീയ രാഷ്ട്രീയത്തിലെ സവിശേഷ സാഹചര്യങ്ങൾ മൂലം ഒറ്റ യൂനിറ്റായി യു.ഡി.എഫിലേക്ക് ചാഞ്ഞിട്ടുണ്ട്.
ഇതിനു പുറമേ, കോൺഗ്രസിന് കിട്ടിയ ഈഴവ വോട്ടുകളാകട്ടെ പ്ലസും. തൃശൂർ പൂരവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും സർക്കാരിനെതിരെയുള്ള പ്രതിഷേധവും തൃശൂർ, ആലത്തൂർ, പാലക്കാട്, ചാലക്കുടി മണ്ഡലങ്ങളിലെ ജനവിധിയെ തങ്ങൾക്ക് അനുകൂലമാക്കിയെന്നാണ് കോൺഗ്രസ് കണക്കാക്കുന്നത്. ടി.പി വധക്കേസുമായി ബന്ധപ്പെട്ട് അക്രമരാഷ്ട്രീയം ചർച്ചയാവുന്നതിനിടെ പാനൂരിലുണ്ടായ ബോംബ് സ്ഫോടനം വടക്കൻ കേരളത്തിൽ വോട്ടുവഴികളുടെ ഗതി മാറ്റിയിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വടകര, കോഴിക്കോട് മണ്ഡലങ്ങളിലെല്ലാം ഇതു പ്രതിഫലിക്കും.
മലയോര മേഖലയിൽ മാണി കോൺഗ്രസിന്‍റെ രാഷ്ട്രീയ സാന്നിധ്യം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെക്കാൾ ഇക്കുറി കുറവായിരുന്നെന്ന് യു.ഡി.എഫ് കണക്കാക്കുന്നു. വന്യമൃഗ ആക്രമണങ്ങൾ രൂക്ഷമായ മലയോരത്ത് സർക്കാർ വിരുദ്ധ വോട്ടുകൾ സമാഹരിക്കാനായി എന്നാണ് വിലയിരുത്തൽ.