ദേശീയം
ബെംഗളൂരുവിൽ 15 സ്കൂളുകൾക്ക് ബോംബ് ഭീഷണി; ജീവനക്കാരെയും വിദ്യാർത്ഥികളെയും ഒഴിപ്പിച്ചു
ബെംഗളൂരുവിൽ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. വിവിധ ഭാഗങ്ങളിലുള്ള പതിനഞ്ചോളം സ്കൂളുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിദ്യാർത്ഥികളെയും ജീവനക്കാരെയും കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു.സ്ഥാപനത്തിൽ സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഏത് നിമിഷവും പൊട്ടിത്തെറിക്കാം എന്നുമാണ് ഭീഷണി. സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിന് ഇ-മെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി.
വിദ്യാർത്ഥികളെയും ജീവനക്കാരെയും അടുത്തുള്ള സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. സ്കൂൾ പരിസരത്ത് ‘ആന്റി സബോട്ടേജ്’ ടീമുകൾ പരിശോധന നടത്തിയെന്നും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താനായില്ലെന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദ പറഞ്ഞു. ‘ഭീഷണി വ്യാജമാണെന്ന് കരുതുന്നു. പരിശോധന ഉടൻ പൂർത്തിയാക്കും. ആരും പരിഭ്രാന്തരാകരുതെന്ന് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.