Uncategorized
പൊതുവിദ്യാഭ്യാസ മേഖലയിൽ 1047 കോടി രൂപയുടെ അക്കാദമിക പ്രവർത്തനങ്ങൾക്ക് അംഗീകാരം :മന്ത്രി വി ശിവൻകുട്ടി
പൊതുവിദ്യാഭ്യാസ വകുപ്പ് -സമഗ്ര ശിക്ഷ കേരളയുടെ 2022 -23 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾക്കായി 1047 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾക്ക് ഏഴാമത് ഗവേണിംഗ് കൗൺസിൽ യോഗം അംഗീകാരം നൽകിയതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഗവേണിംഗ് കൗൺസിൽ യോഗത്തിൽ ആദിവാസി ഗോത്രമേഖലയ്ക്കും ഭിന്നശേഷി മേഖലയ്ക്കും ഗുണകരമാകുന്ന നൂതന പദ്ധതി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും തീരുമാനമായി.
സമഗ്ര ശിക്ഷ കേരളയുടെ വാർഷിക പദ്ധതി രേഖയിൽ എലമെന്ററി മേഖലയ്ക്ക് 516.11 കോടി രൂപയും സെക്കൻഡറി വിഭാഗത്തിൽ 222.66 കോടി രൂപയും, ടീച്ചർ എഡ്യൂക്കേഷന് 19.56 കോടി രൂപയും അടങ്ങുന്നതാണ് ഗവേണിംഗ് കൗൺസിൽ അംഗീകരിച്ച 758.64 കോടി രൂപയുടെ ബജറ്റ്. ഇതിനോട് കൂടി 2022-23 അക്കാദമിക വർഷം 5 മേഖലകളിലായി ‘സ്റ്റാർസ് ‘ പദ്ധതിയിൽ ഉൾപ്പെടുത്തി 288.39 കോടി രൂപയുടെ അക്കാദമിക പ്രവർത്തനങ്ങൾക്കും യോഗം അംഗീകാരം നൽകി.
ഇടുക്കി ജില്ലയിലെ ഇടമലക്കുടി മേഖലയിൽ ഉൾപ്പെടുന്ന ആദിവാസി ഗോത്ര വിഭാഗത്തിലെ കുട്ടികൾക്കാവശ്യമായ അധിക പഠന പിന്തുണാ സംവിധാനങ്ങൾ സൗജന്യമായി നൽകുവാനും യോഗത്തിൽ തീരുമാനമായി. തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരണമടഞ്ഞ ജീവനക്കാരൻ ഹർഷാദിന്റെ മകൻ എട്ടാം ക്ലാസുകാരനായ അബിൻ അർഷാദിന് 18 വയസ്സ് പൂർത്തിയാകുന്നത് വരെയുള്ള പഠന പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ സംവിധാനങ്ങൾ ഒരുക്കുന്നതിനും ധനസഹായം നൽകുന്നതിനും സമഗ്ര ശിക്ഷ കേരളയെ യോഗം ചുമതലപ്പെടുത്തി.