കേരളം
ഇന്നലെ ഉപയോഗിച്ചത് 101.49 ദശലക്ഷം യൂണിറ്റ്; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും വർധിച്ചു
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും വർധിച്ചു. ഇന്നലെ ഉപയോഗിച്ചത് 101.49 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. പുറത്തുനിന്നും വാങ്ങിയത് 85.76 ദശലക്ഷം യൂണിറ്റാണ്. വൈകുന്നേരത്തെ ഉപയോഗം വർധിച്ചതാണ് ഉപഭോഗം കൂടാൻ കാരണമെന്ന് വൈദ്യുതി ബോർഡ് വ്യക്തമാക്കി.
തുടർച്ചയായ രണ്ടാഴ്ചയായി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റിന് മുകളിലാണ്. ഇന്നലെ ഉപഭോഗം വീണ്ടും വർധിച്ചു. മാർച്ച് 21ന് 101.13 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗമെങ്കിൽ ഇന്നലെ ഇതു വീണ്ടും വർധിച്ച് 101.49 ദശലക്ഷം യൂണിറ്റായി. സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉൽപ്പാദനം 13.74 ദശലക്ഷം യൂണിറ്റായിരുന്നു. 85.76 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ പുറത്തു നിന്നും എത്തിച്ചത്.
ഉപയോഗം വർധിക്കുന്നതിന് ആനുപാതികമായി മാത്രം ആഭ്യന്തര ഉൽപ്പാദനം വർധിപ്പിച്ചാൽ മതിയെന്നാണ് കെ.എസ്.ഇ.ബിയുടെ തീരുമാനം. ശേഷിക്കുന്ന ജലം കരുതലായി സംഭരിക്കും. എന്നാൽ വൈകുന്നേരങ്ങളിലെ ഉപയോഗം വർധിക്കുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നതെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി.
ഇതു മറികടക്കാൻ പവർ എക്‌സ്‌ചേഞ്ചിൽ നിന്നും വൈദ്യുതി ഉയർന്ന വില നൽകി വാങ്ങേണ്ടി വരുന്നു. മിക്കപ്പോഴും 12 രൂപയ്ക്ക് മുകളിലാണ് ഒരു യൂണിറ്റ് വൈക്യുതിക്ക് നൽകേണ്ടി വരുന്നത്. ഇതു വൻസാമ്പത്തിക ബാധ്യതയാണ് വരുത്തുന്നതെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു.