കേരളം
യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ച്; 150 പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ കേസെടുത്ത് പൊലീസ്. ഷാഫി പറമ്പിലിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. അഞ്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെയും കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയുമാണ് കേസ്.
തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് എടുത്തിരിക്കുന്ന കേസില്‍ ഷാഫി പറമ്പിലടക്കം അഞ്ചു പ്രതികളാണ് ഉള്ളത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സുധീര്‍ ഷാ, നേമം ഷജീര്‍, സാജു അമര്‍ദാസ്, മനോജ് മോഹന്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവര്‍. അന്യായമായി സംഘം ചേരല്‍, ഗതാഗത തടസ്സം സൃഷ്ടിക്കല്‍ എന്നിവയാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ചില്‍ സംഘര്‍ഷഭരിതമായിരുന്നു. പൊലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. ഷാഫി പറമ്പിലാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. പൊലീസിന്റെ ഒരു ആനുകൂല്യവും വേണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത സെക്രട്ടേറിയറ്റ് മാര്‍ച്ച് കേസില്‍ മൂന്നാം പ്രതിയായ തന്നെ ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യണമെന്ന് ഷാഫി പറമ്പില്‍ വെല്ലുവിളിച്ചിരുന്നു.