Connect with us

Kerala

കണ്ണൂര്‍ ജയിലിലേക്ക് കഞ്ചാവ് ബീഡി എറിഞ്ഞുകൊടുത്തു; യുവാക്കളെ കയ്യോടെ പൊക്കി

സെന്‍ട്രല്‍ ജയിലില്‍ ഉള്‍പ്പെടെ ലഹരി വസ്തുക്കള്‍ എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികള്‍ അറസ്റ്റില്‍. തളിപ്പറമ്പ് നാട്ടുവയല്‍ സ്വദേശി എം മുഹമ്മദ് ഫാസി, തൃച്ചംബരം സ്വദേശി എം വി അനീഷ് കുമാര്‍ എന്നിവരെയാണ് കയ്യോടെ പിടികൂടിയത്. ജില്ലാ ജയിലിലേക്ക് ബീഡി എറിഞ്ഞുകൊടുക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ടൗണ്‍ എസ് ഐ സി എച്ച് നസീബും സ്‌ക്വാഡും ചേര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ജില്ലാ ജയിലിലേക്ക് ബീഡി എറിഞ്ഞ് കൊടുക്കുന്നതിനിടെ ജയില്‍ വളപ്പില്‍ നിന്ന് 120 പാക്കറ്റ് ബീഡിയാണ് പിടികൂടിയത്. എട്ട് പാക്കറ്റുകളിലായി 120 കഞ്ചാവ് ബീഡിയാണ് എറിഞ്ഞുകൊടുത്തത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

ഇവരെ ചോദ്യം ചെയ്‌തെങ്കിലും സംഘത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഇവര്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. ആര്‍ക്കുവേണ്ടിയാണ്, ആരാണ് പണം നല്‍കിയത് തുടങ്ങിയ വിവരങ്ങള്‍ പൊലീസ് ചോദിച്ചെങ്കിലും ഇവര്‍ മറുപടി നല്‍കിയില്ല. ജില്ലാ ജയിലിലും സെന്‍ട്രല്‍ ജയിലിലും വ്യാപകമായ നിലയില്‍ ലഹരി ഉപയോഗമുണ്ടെന്നും പൊലീസിന് തടയാനാകില്ലെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് രണ്ടുപേര്‍ പിടിയിലായത്.

Advertisement