കേരളം
വനിതാ ഹോസ്റ്റലിൽ വിളമ്പുന്ന ഭക്ഷണത്തിൽ പുഴുക്കൾ, സ്‌ക്രൂ, ബാൻഡ് എയ്ഡ്, തൂവൽ; മെസ്സ് നിറയെ എലികൾ; പരാതിയുമായി വിദ്യാർത്ഥികൾ
തിരുവന്തപുരം വഴുതക്കാട് യൂണിവേഴ്‌സിറ്റി വിമൻസ് ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത് കേടായ ഭക്ഷണമെന്ന് വിദ്യാർത്ഥികളുടെ പരാതി. ഭക്ഷണത്തിൽ പുഴുവിനെയും ഉപയോഗിച്ച ബാൻഡ് എയ്ഡും കണ്ടെത്തിയെന്നാണ് കുട്ടികൾ പറയുന്നത്. വാർഡിനോട് ചോദിച്ചപ്പോൾ മോശം അനുഭവം ഉണ്ടായെന്നും വിദ്യാർത്ഥികൾ പരാതി പറയുന്നു.
സ്‌ക്രൂ, തൂവൽ, സ്‌ക്രബർ, പുഴുക്കൾ, വണ്ട് എന്നിവയെല്ലാം സ്ഥിരമായി ഭക്ഷണത്തിൽ നിന്ന് കിട്ടാറുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഇക്കാര്യം അധികൃതരുമായി സംസാരിച്ചപ്പോൾ ചെറിയ അശ്രദ്ധ മൂലം സംഭവിച്ചതാകുമെന്നാണ് പറഞ്ഞത്. മറ്റൊരു നടപടിയും ഹോസ്റ്റൽ അധികൃതർ കൈക്കൊണ്ടിട്ടില്ല.
മെസ്സിൽ നിറയെ എലികളാണെന്നും വിദ്യാർത്ഥികൾ പറയുന്നു. ഒരു ദിവസം രാവിലെ മുതൽ വൈകുന്നേരം വരെ മെസ്സിൽ വിദ്യാർത്ഥികൾ ഭക്ഷണം കഴിക്കുന്ന ടേബിളിൽ എലി ചത്ത് കടന്നിട്ടുണ്ട്. ചത്ത എലിയെ നീക്കം ചെയ്യാൻ പോലും 12 മണിക്കൂർ എടുത്തുവെന്ന് വിദ്യാർത്ഥികൾ പറയുന്നു.