കേരളം
വർക്ക് ഫ്രം ഹോം വ്യാപകമാക്കി 20 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും: മുഖ്യമന്ത്രി
വർക്ക് ഫ്രം ഹോം വ്യാപകമാക്കി 20 ലക്ഷം പേർക്ക് തൊഴിലവസരം സൃഷ്‌ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സൃഷ്ടിക്ക് തൊഴിൽ അനിവാര്യമാണ്. കാർഷിക –-ടൂറിസം ഉൾപ്പെടെ വ്യത്യസ്‌ത മേഖലകളിലും തൊഴിലവസരം ഉറപ്പാക്കും. പാലയാട് സിഡ്കോ വ്യവസായ എസ്‌റ്റേറ്റ് നവീകരണം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സർക്കാർ അധികാരമേറ്റ് ചുരുങ്ങിയ കാലയളവിൽ 3220 കോടി രൂപയുടെ നിക്ഷേപത്തിന് ധാരണയായി. 4299 ചെറുകിട–-ഇടത്തരം യൂണിറ്റ് തുടങ്ങി. ഇതിലൂടെ 17,448 തൊഴിലവസരം സൃഷ്‌ടിച്ചു. അപൂർവം ചിലർ ഇടുങ്ങിയ മനസ്സോടെ വികസനം വേണ്ട എന്ന് ചിന്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്‌ടിക്കാൻ സർക്കാർ ഒട്ടേറെ നടപടി സ്വീകരിച്ചു. നിക്ഷേപകരുടെ പരാതി പരിഹരിക്കാൻ സംസ്ഥാന–-ജില്ലാ തലത്തിൽ സ്‌റ്റാറ്റ്യൂട്ടറി സമിതികൾ രൂപീകരിക്കാൻ നിയമം കൊണ്ടുവന്നു. വ്യവസായശാലകളിൽ കേന്ദ്രീകൃത പരിശോധനാ സംവിധാനം തുടങ്ങി. അതിവേഗം വ്യവസായം തുടങ്ങാൻ നടപടി ലഘൂകരിച്ചു.
50 കോടിയിലധികം നിക്ഷേപമുള്ള വ്യവസായം തുടങ്ങാൻ ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ ഏഴുദിവസത്തിനകം ലൈസൻസ് നൽകും. ഈ രീതിയിൽ കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമായി മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.