കേരളം
കൊലയാളി ആനയെ കണ്ടെത്താനാവാതെ വനംവകുപ്പ് ; ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു
വയനാട് മാനന്തവാടിയിലെ ജനവാസ മേഖലയിലിറങ്ങിയ ആളെക്കൊല്ലി മോഴയാന ബേലൂര്‍ മഖ്നയെ പിടികൂടുന്നതിനുള്ള മണ്ണുണ്ടി ഭാഗത്തെ ദൗത്യം അവസാനിപ്പിച്ചു. രണ്ടിടത്ത് തിരഞ്ഞെങ്കിലും ആന മറ്റ് ഭാഗങ്ങളിലേക്ക് നീങ്ങിയതോടെയാണ് ദൗത്യസംഘം ശ്രമം താത്കാലികമായി അവസാനിപ്പിച്ചത്.
അതേസമയം, സ്ഥലത്ത് നിന്ന് മടങ്ങാന്‍ തുടങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞതോടെ പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. ഉദ്യോഗസ്ഥര്‍ക്ക് ആത്മാര്‍ത്ഥതയില്ലെന്നാണ് പ്രതിഷേധക്കാര്‍ വിമര്‍ശിക്കുന്നത്. നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ആന നിരന്തരമായി സ്ഥാനം മാറിക്കൊണ്ടിരിക്കുന്നതാണ് ദൗത്യത്തിന് പ്രതിസന്ധിയായത്. നേരത്തെ ബാവലി മേഖലയില്‍ ഉണ്ടായിരുന്ന കാട്ടാന പിന്നീട് മണ്ണുണ്ടി കോളനി ഭാഗത്തേക്ക് മാറി. ഇവിടെ ഉള്‍വനത്തിലേക്ക് കാട്ടാന കയറിയതോടെയാണ് ദൗത്യം താത്കാലികമായി അവസാനിപ്പിച്ചത്.
എല്ലാ സാഹചര്യവും അനുകൂലമായാൽ മാത്രമേ ആനയെ മയക്കുവെടി വെക്കുകയുള്ളൂ. കഴിഞ്ഞ ദിവസം നടത്തിയ തണ്ണീർക്കൊമ്പൻ ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ ഏറെ മുൻകരുതലോടെയാണ് ദൗത്യസംഘത്തിന്റെ നീക്കം. മണിക്കൂറുകൽ നീണ്ട ശ്രമത്തിനൊടുവിൽ മയക്കുവെടി വെച്ച് പിടികൂടിയ തണ്ണീർക്കൊമ്പൻ രാമപുര ക്യാംപിനെത്തിച്ചപ്പോഴേയ്ക്കും ചരിഞ്ഞിരുന്നു.