കേരളം
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രത നിർദ്ദേശം
സംസ്ഥാനത്തെ പല ജില്ലകളിലും ഇന്ന് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പത്തനംതിട്ടയിൽ ജാഗ്രത തുടരുകയാണ്. മലയോരമേഖലയിൽ ശക്തമായ മഴയുണ്ട്. പമ്പ ,അച്ചൻകോവിൽ, മണിമല നദികളിൽ ജലനിരപ്പ് ഉയർന്നു. കക്കി അണക്കെട്ട് 11 മണിക്ക് തുറക്കും. ഇടുക്കിയിൽ ജലനിരപ്പ് 2397 അടിയിലേക്കെത്തി. കോഴിക്കോട് കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ട്. പാലക്കാടു മഴയുണ്ടെങ്കിലും ശക്തമല്ല ഭാരതപ്പുഴയിൽ ജലനിരപ്പ് കൂടി. ജില്ലയിലെ 8 ൽ ആറു ഡാമുകളും തുറന്നിട്ടുണ്ട്.
കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പെടയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമായി കേരളത്തിൽ ബുധനാഴ്ച (ഒക്ടോബർ 20) മുതൽ 3-4 ദിവസങ്ങളിൽ വ്യാപകമായി മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് സൂചന നൽകുന്നു. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി ഒക്ടോബർ 20 നു 10 ജില്ലകളിലും ഒക്ടോബർ 21 നു 6 ജില്ലകളിലും മഞ്ഞ അലേർട് പ്രഖ്യാപിച്ചിട്ടുണ്ട്.