ദേശീയം
കോവിഡ്: ഇന്ത്യക്കാർ അനാവശ്യമായി ആശുപത്രി കയറിയിറങ്ങുന്നുവെന്ന് ലോകാരോഗ്യ സംഘടന
ജനങ്ങൾ വലിയ തരത്തിൽ ഒത്തുകൂടുന്നതും അനാവശ്യമായി ആശുപത്രികൾ കയറിയിറങ്ങുന്നതും ഇന്ത്യയിലെ കൊവിഡ് നിരക്ക് കുതിച്ചുയരാൻ കാരണമായതായി ലോകാരോഗ്യ സംഘടന. കൂടിയ രോഗവ്യാപനവും, കുറഞ്ഞ വാക്സിനേഷനും കാര്യങ്ങൾ താളംതെറ്റിച്ചതായും ഡബ്ല്യു എച്ച് ഒ പറഞ്ഞു.
അതിനിടെ, രാജ്യത്തെ കൊവിഡ് മരണം രണ്ട് ലക്ഷത്തോട് അടുക്കുകയാണ്. കൊവിഡ് ബാധിച്ചതിൽ 15 ശതമാനത്തിന് താഴെ മാത്രമാണ് ആശുപത്രിയിൽ പരിചരണം വേണ്ടതുള്ളത്. വീട്ടിൽ തന്നെ ഇരുന്നുള്ള പരിചരണത്തെ കുറിച്ചുള്ള അജ്ഞത, പോസിറ്റീവ് ആകുന്നവരെയെല്ലാം ആശുപത്രിയിലേക്ക് എത്തിക്കുന്ന സ്ഥിതിയാണുള്ളതെന്ന് ലോകാരോഗ്യ സംഘടനയെ ഉദ്ധരിച്ച് എൻ ഡി ടി വി റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലേക്ക് അടിയന്തര കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ ലഭ്യമാക്കുന്നതായി ഡബ്ല്യു എച്ച് ഒ അറിയിച്ചു. ഇതിന്റെ ഭാഗമായി നാലായിരം ഓക്സിജൻ കോൺസൺട്രേറ്ററുകൾ ലഭ്യമാക്കുമെന്ന് ലോകാരോഗ്യ സംഘടന വക്താവ് താരിഖ് ജസാറെവിക് പറഞ്ഞു.
കോവിഡ് രൂക്ഷമായ ഇന്ത്യയിലെ സാഹചര്യം ഹൃദയഭേദകമായതിനും അപ്പുറമാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദനോം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോവിഡ് മഹാമാരിയെ നേരിടാൻ ഇന്ത്യക്ക് കൂടുതൽ സഹായങ്ങൾ നൽകുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ആയിരക്കണക്കിന് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, മുൻകൂട്ടി നിർമ്മിച്ച മൊബൈൽ ഫീൽഡ് ആശുപത്രികൾ, ലബോറട്ടറി വിതരണങ്ങൾ എന്നിവ ഉൾപ്പെടെ ലോകാരോഗ്യ സംഘടനയ്ക്ക് സാധ്യതമായതെല്ലാം ചെയ്യുന്നുണ്ടെന്നും ടെഡ്രോസ് അറിയിച്ചു.