കേരളം
‘ഞങ്ങള്‍ക്ക് അവരുടെ മുഖം കാണണം’; മൈലപ്ര കൊലപാതക്കേസിന്റെ തെളിവെടുപ്പിനിടെ പാഞ്ഞടുത്തത് നാട്ടുകാര്‍
പത്തനംതിട്ട മൈലപ്രയിൽ വ്യാപാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം. തെളിവെടുപ്പിനായി കടയിലെത്തിച്ചപ്പോഴാണ് ശക്തമായ പ്രതിഷേധമുയർന്നത്. കേസിൽ ഒരു പ്രതി കൂടി പിടിയിലാകാനുണ്ട്. ജോർജ്ജ് ഉണ്ണുണ്ണിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളെ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് നാട്ടുകാർ പാഞ്ഞടുത്തത്. പ്രതികളുടെ മുഖം മറച്ച് കൊണ്ടുവന്നത് നാട്ടുകാർ ചോദ്യം ചെയ്തു. ഏറെ പാടുപെട്ടാണ് പത്തനംതിട്ട പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.
ഡിസംബർ 30 ന് വൈകീട്ടാണ് വ്യാപാരിയെ കടയ്ക്കുള്ളിൽ വെച്ച് കൈകാലുകൾ കൂട്ടിക്കെട്ടി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. മാലയും സ്വർണ്ണവും പ്രതികൾ കവർന്നു. സിസിടിവി ഹാർഡ് ഡിസ്ക് ഉൾപ്പെടെ എടുത്തുമാറ്റിയുള്ള കൊലപാതകത്തിൽ ഏറെ പ്രയാസപ്പെട്ടാണ് തെങ്കാശിയിൽ നിന്ന് പ്രതികളെ പത്തനംതിട്ട ഡിവൈഎസ്പിയും സംഘവും പിടികൂടിയത്. കൊടുകുറ്റവാളികളായ മദ്രാസ് മുരുകൻ, സുബ്രമണ്യൻ, മുത്തുകുമാർ എന്നിവർക്ക് പുറമെ വലഞ്ചുഴി സ്വദേശികളായ ഹരീബ്, നിയാസ് എന്നിവരും പ്രതികളാണ്. ഇതിൽ മുത്തുകുമാറിനെ ഇനിയും പിടികൂടിയിട്ടില്ല.
ജോർജ്ജ് ഉണ്ണുണ്ണിയെ കൊലപ്പെടുത്തി ഒൻപത് പവന്‍റെ മാലയും അമ്പതിനായിരം രൂപയുമാണ് പ്രതികൾ കവർന്നത്. കേസിലെ പ്രധാന തെളിവായ സിസിടിവി ഹാർഡ് ഡിസ്ക് അച്ചൻകോവിലാറ്റിൽ തള്ളിയെന്നാണ് പ്രതികളുടെ മൊഴി. ഇത് കണ്ടെത്താനുള്ള തെരച്ചിൽ പൊലീസ് തുടരുന്നുണ്ട്.