കേരളം
രാത്രിയില്‍ വീണ്ടും ജലനിരപ്പ് ഉയർന്നേക്കും; കുട്ടനാട്ടില്‍ ജാഗ്രത വേണമെന്ന് മന്ത്രി സജി ചെറിയാന്‍
കക്കി ഡാം തുറന്ന സാഹചര്യത്തില്‍ ചെങ്ങന്നൂരിനെക്കാള്‍ കുട്ടനാട്ടില്‍ ജാഗ്രത വേണമെന്ന് മന്ത്രി സജി ചെറിയാന്‍. രാത്രിയില്‍ ജലനിരപ്പ് ഉയരും. ഇതിനുമുമ്പ് പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമം തുടരുകയാണ്. പാണ്ടനാട്ടും തിരുവന്‍വണ്ടൂരും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തതുകൊണ്ടാണ് കക്കി അണക്കെട്ട് തുറക്കേണ്ടിവന്നത്.
ജലം രാവിലെയോടെ ചെങ്ങന്നുര്‍, കുട്ടനാട് മേഖലയിലെത്തുമെന്നും ഏകദേശം ഒന്നരയടി വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കനത്ത ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു. തീരത്ത് താമസിക്കുന്ന മുഴുവന്‍ ജനങ്ങളെയും മാറ്റിപ്പാര്‍പ്പിക്കാനാണ് തീരുമാനം. ഇതിനുവേണ്ടിയുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു. കക്കി അണക്കെട്ട് തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് തുറന്നത്. രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വരെയാണ് തുറന്നത്.
തീരപ്രദേശത്തെ 12 ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കക്കി ഡാമില്‍ നിന്നും ഒഴുക്കി വിടുന്ന അധികജലം പമ്പ തൃവേണിയിലാണ് ആദ്യം എത്തിച്ചേരുന്നത്. തുറന്ന സമയത്ത് 983.5 അടി ആയിരുന്നു ഡാമില്‍ ജലനിരപ്പ്. പരമാവധി 986.33 അടിയാണ് ഡാമിന്റെ സംഭരണശേഷി. അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ മിക്കതും വെള്ളത്തിനടിയിലായി. പുളിങ്കുന്ന്, നെടുമുടി, പൂപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ കെഎസ്ആര്‍ടിസി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. പമ്പയാര്‍ കരകവിഞ്ഞ് സമീപത്തെ വീടുകളെല്ലാം വെള്ളത്തിലായി.
വെള്ളപ്പൊക്ക സാഹചര്യത്തില്‍ ആളുകളോട് ക്യാമ്പുകളിലേക്കോ മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ പ്രധാനപ്പെട്ട പല റോഡുകളിലും വെള്ളം നിറഞ്ഞിരിക്കുകയാണ്. വാഹനഗതാഗതവും തടസ്സപ്പെട്ടു. നെടുമ്പ്രം, നിരണം, മുട്ടാര്‍, തലവടി, എടത്വാ, വീയപുരം, തകഴി പഞ്ചായത്തുകളിലാണു ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത്.