കേരളം
വി.എസ് അച്യുതാനന്ദൻ ആശുപത്രിയില്‍; ഉദരസംബന്ധമായ അസുഖങ്ങളെന്ന് മെഡിക്കല്‍ ബുള്ളറ്റിന്
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന് ഉദരസംബന്ധങ്ങളായ അസുഖങ്ങളെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. വി.എസ്സിന്റെ വൃക്കയുടെ പ്രവര്‍ത്തനവും തകരാറിലാണ്.
തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഞായറാഴ്ചയാണ് വിഎസ്സിനെ തിരുവനന്തപുരം പട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഒക്ടോബർ 20ന് അദ്ദേഹത്തിന്റെ 98ാം പിറന്നാൾ ആയിരുന്നു. തിരുവനന്തപുരം ബാർട്ടൻഹിൽ ‘വേലിക്കകത്ത്’ വീട്ടിൽ കഴിഞ്ഞ രണ്ടു വർഷങ്ങളായി വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം പിണറായി സർക്കാരിൽ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായിരുന്ന വി എസ് 2021 ജനുവരിയിൽ ആ പദവി രാജിവെച്ചിരുന്നു.
ആശുപത്രി വിട്ട ശേഷമുള്ള ദിവസങ്ങളിൽ കിടക്കയിൽ തന്നെ ആയിരുന്ന വി എസ് പിന്നീട് ഒരു പരിധി വരെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരുന്നു തുടർന്നാണ് ഇപ്പോൾ ആരോഗ്യ സ്ഥിതി വീണ്ടും വഷളായത്.