കേരളം
പണപ്പിരിവ് കേസ്: ഭാര്യയുടെ മാത്രമല്ല, സുധാകരന്റെ 15 വർഷത്തെ വരുമാനവും സ്വത്തും പരിശോധിക്കുമെന്ന് വിജിലൻസ്
കെ സുധാകരന്റെ ഭാര്യ സ്മിതയുടെ സ്വത്തു വിവരങ്ങൾ മാത്രമല്ല സുധാകരന്റെ വരുമാനവും അക്കൗണ്ടുകളും സ്വത്തും പരിശോധിക്കുന്നതായി വിജിലൻസ് അറിയിച്ചു. കാടാച്ചിറ സ്കൂൾ ഏറ്റെടുക്കാൻ നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട് 2021 ൽ ലഭിച്ച പരാതി അനുസരിച്ചാണ് അന്വേഷണം. സുധാകരന്റെ കഴിഞ്ഞ 15 വർഷത്തെ വരുമാനവും സ്വത്ത് സമ്പാദനവും ആണ് അന്വേഷിക്കുന്നത്. പുതിയ അന്വേഷണം അല്ലെന്നും 2021ലെ തുടങ്ങിയതാണെന്നും വിജിലൻസ് സ്പെഷ്യൽ സെൽ പറഞ്ഞു. സ്പെഷ്യൽ അസി. കമ്മീഷണർ അബ്ദുൽ റസാക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
സുധാകരന്റെ വരുമാന സ്രോതസ്സിനെക്കുറിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുകയാണ് കോഴിക്കോട് വിജിലൻസ് യൂണിറ്റ്. അതിന്റെ ആദ്യപടിയെന്ന നിലയിൽ ഭാര്യ സ്മിതയുടെ ശമ്പള വിവരങ്ങൾ തേടി സ്കൂൾ പ്രിൻസിപ്പലിന് നോട്ടീസ് അയച്ചിരിക്കുകയാണ് വിജിലൻസ്. കണ്ണൂർ കാടാച്ചിറ ഹൈസ്കൂൾ പ്രധാന അധ്യാപകനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇന്ന് ഡൽഹിയിലെത്തും. ഹൈക്കമാൻഡ് നേതാക്കളെ നേരിൽ കാണാനാണ് യാത്ര. പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസെടുത്ത സാഹചര്യം ഹൈക്കമാൻഡിനെ ബോധ്യപ്പെടുത്തും. ഒപ്പം സർക്കാരിനും സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും എതിരെ നിയമ സ്വീകരിക്കാനുള്ള അനുവാദവും തേടും.
യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ഇരുവരും ഹൈക്കമാൻഡിനോട് അഭ്യർത്ഥിക്കും. സംസ്ഥാനത്തെ ഗ്രൂപ്പ് പോര് സമരം നടത്തുന്നതിൽ പോലും തിരിച്ചടിയായിട്ടുണ്ട് എന്ന് നേതാക്കൾ അറിയിക്കും. സമര മുഖങ്ങളിൽ യൂത്ത് കോൺഗ്രസിന്റെ സാന്നിധ്യം ഇല്ല എന്ന പരാതിയും ഉന്നയിക്കും. സംഘടന തിരഞ്ഞെടുപ്പിൽ വോട്ട് ഉറപ്പിക്കുക മാത്രമാണ് ഇത്രയും പ്രശ്നങ്ങൾ നടക്കുമ്പോഴും യൂത്ത് കോൺഗ്രസിന്റെ ശ്രദ്ധയെന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ പരാതി.