കേരളം
കോവിഡ് പ്രതിസന്ധി; സംസ്ഥാനത്ത് വാഹന നികുതി ഒഴിവാക്കി
സംസ്ഥാനത്തെ സ്‌റ്റേജ്, കോണ്‍ട്രാക്ട് കാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ ക്വാര്‍ട്ടറിലെ വാഹന നികുതി പൂര്‍ണ്ണമായും ഒഴിവാക്കിയതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിലെ വാഹന നികുതി ഒഴിവാക്കിയാണ് ഉത്തരവിറക്കിയത്. കോവിഡ് മഹാമാരി മൂലം വാഹന ഉടമകള്‍ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് നടപടിയെന്ന് മന്ത്രി അറിയിച്ചു.
നേരത്തെ സംസ്ഥാനത്തെ സ്റ്റേജ്, കോൺട്രാക്ട് കാരിയേജുകളുടെ ഈ സാമ്പത്തിക വർഷത്തെ ആദ്യത്തെ രണ്ട് ത്രൈമാസ പാദങ്ങളിലെ വാഹന നികുതി അടയ്‌ക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. കോവിഡ് മഹാമാരി കാരണം വാഹന ഉടമകൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു.
നേരത്തെ നികുതി അടയ്ക്കാൻ ഓഗസ്റ്റ് 31 വരെ കാലാവധി നൽകിയിരുന്നു. എന്നാൽ, സംസ്ഥാന സർക്കാർ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ദീർഘമായ ലോക്ക് ഡൗണും കടുത്ത നിയന്ത്രണങ്ങളും വാഹന മേഖലയെയും പ്രതികൂലമായി ബാധിച്ചിരുന്നു.
ഇതേ തുടർന്ന് വാഹന ഉടമകൾ സർക്കാരിനോട് നികുതി അടയ്ക്കാൻ സമയം ചോദിച്ചിരുന്നു. അതാണ് ഓഗസ്റ്റ് വരെ നീട്ടി നൽകിയത്. എന്നാൽ ഇപ്പോഴും സ്ഥിതി മെച്ചപ്പെടാത്ത സാഹചര്യത്തിൽ വാഹന ഉടമകളെ പ്രതിസന്ധിയിലാക്കാതിരിക്കുന്നതിനാണ് കാലാവധി നീട്ടി നൽകിയത്.