കേരളം
വന്ദേഭരത് നിറം മാറുന്നു ; വെള്ളയ്ക്കും നീലയ്ക്കും പകരം കാവിയും ഗ്രേയും
വന്ദേഭാരത് ട്രെയിനുകൾക്ക് ഇനി പുതിയ നിറം. വെള്ളയും നീലയും നിറത്തിന് പകരം ഇനി കാവി-ചാര നിറത്തിലാണ് പുതിയ ട്രെയിനുകൾ പുറത്തിറങ്ങുക. നിലവിലുള്ളത് കഴുകി വൃത്തിയാക്കുന്നതിലുള്ള പ്രയാസം കാരണമാണ് പുതിയ നിറങ്ങൾ തെരഞ്ഞെടുത്തതെന്നാണ് വിവരം.
ചെന്നൈയിലെ ഇൻഗ്രൽ കോച്ച് ഫാക്ടറിയിൽ പുതിയ ട്രെയിനുകളുടെ കോച്ച് നിർമാണം പുരോഗമിക്കുകയാണ്. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ചെന്നൈയിലെത്തി പുതിയ കോച്ചുകളുടെ നിർമാണ പുരോഗതി വിലയിരുത്തി. നിലവിൽ സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് ചില സാങ്കേതിക പോരായ്മകൾ കണ്ടെത്തിയിട്ടുണ്ട്. അത് പരിഹരിച്ചാകും പുതിയ കോച്ചുകളുടെ നിർമാണമെന്നും മന്ത്രി അറിയിച്ചു.
മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായാണ് പുതിയ വന്ദേഭാരത് കോച്ചുകൾ നിർമിച്ചത്. രാജ്യത്തെ തന്നെ എൻജിനീയർമാരും സാങ്കേതിക പ്രവർത്തകരുമാണ് നിർമാണത്തിനുണ്ടായിരുന്നത്. യാത്രക്കാരിൽ നിന്നും ലഭിച്ച പ്രതികരണങ്ങൾ കൂടി മുൻനിർത്തിയാണ് പുതിയ കോച്ചുകൾ ഡിസൈൻ ചെയ്തിരിക്കുന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം രണ്ട് വന്ദേഭാരത് എക്സ്പ്രസുകളുടെ കൂടി ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചിരുന്നു. ഗൊരഖ്പൂർ-ലക്നോ, ജോധ്പൂർ-സബർമതി റൂട്ടുകളിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകളുടെ ഫ്ലാഗ് ഓഫുകളാണ് പ്രധാനമന്ത്രി നിർവഹിച്ചത്.